hiby
തണൽ ഭവന പദ്ധതി പ്രകാരം കുമ്പളങ്ങിയിൽ ഷീല ജയചന്ദ്രന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഹൈബി ഈഡൻ എം.പി കൈമാറുന്നു

കൊച്ചി: കുമ്പളങ്ങിയിലെ ഷീല ജയചന്ദ്രനും നാല് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന് ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിൽ നിർമ്മിച്ച വീട് കൈമാറി. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പേ നിർമ്മാണം ഏകദേശം പൂർത്തിയായിരുന്നു. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ അവസാന നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി. റോട്ടറി ക്‌ളബ് ഒഫ് കൊച്ചിൻ ഗ്‌ളോബലാണ് വീടിന്റെ സ്പോൺസർ.

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 13 ാം വാർഡിൽ ഷീല ജയചന്ദ്രന്റെ വീട് ഇടിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. 12 വർഷം മുമ്പ് ഭർത്താവ് ജയചന്ദ്രൻ മരിച്ചു. നാലു മക്കളും വിദ്യാർത്ഥിനികളാണ്. ഇവരിൽ രണ്ട് പേർ ലോക്ക് ഡൗൺ മൂലം ഇപ്പോൾ കോട്ടയത്ത് ആണ്. നവംബർ 10 നാണ് വീട് നിർമ്മാണം ആരംഭിച്ചത്. അഞ്ഞൂറ് ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്ടിൽ രണ്ട് കിടപ്പ് മുറികൾ, സ്വീകരണ മുറി, ശുചിമുറി, അടുക്കള എന്നിവയുണ്ട്. ഇലക്ട്രിക്കൽ പണികൾ ഒഴികെയുള്ളവ ലോക്ക് ഡൗണിന് മുൻപ് പൂർത്തീകരിച്ചു.

മാറി താമസിച്ചത് ഏഴായിരം രൂപ മാസവാടകയിലായിരുന്നു. അത് കണ്ടെത്താൻ നിർവ്വാഹമില്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ട‌തോടെയാണ് വലിയ ചടങ്ങ് നടത്തി താക്കോൽ ദാനം നിർവ്വഹിക്കാൻ കാത്ത് നില്ക്കാതെ വീട് കൈമാറിയതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി സ്‌പോൺസർമാരായ റോട്ടറി ക്‌ളബ് ഒഫ് കൊച്ചിൻ ഗ്‌ളോബൽ ഭാരവാഹികളും എത്തിയിരുന്നില്ല. തണൽ ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച് കൈമാറിയ 38 ാമത്തെ വീടാണ് കുമ്പളങ്ങിയിലേത്.

പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി,ഡി.സി.സി സെക്രട്ടറി എം.പി ശിവദത്തൻ, കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, ബ്‌ളോക്ക് സെക്രട്ടരി പി.എ. സഗീർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷെബിൻ ജോർജ് എന്നിവരും എത്തിയിരുന്നു.