കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്ക് മേൽ ഹെലികോപ‌്ടറിൽ പുഷ്പവൃഷ്ടി, ഡോക്ടർമാർക്ക് നേരിട്ട് അഭിവാദ്യം അർപ്പിച്ച് സേനയുടെ ഉന്നത ഉദ്യോഗസ്ഥർ, വ്യോമാഭ്യാസങ്ങൾ, തുറമുഖത്തെ കപ്പലുകൾ ദീപം തെളിയിച്ച് നന്ദി പ്രകടനം. കൊവിഡ് പോരാളികൾക്ക് സൈന്യത്തിന്റെ വക സ്നേഹപ്രവാഹമായിരുന്നു.
കൊവിഡ് 19 പകർച്ചവ്യാധിക്കെതിരായ മുന്നണിപ്പോരാളികൾക്ക് ദക്ഷിണ നാവികത്താവളം ആദരവർപ്പിച്ചു.
കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് ആദരവർപ്പിക്കുന്നതിനാണ് നാവികസേന പരിപാടികൾ സംഘടിപ്പിച്ചത്.
നാവികത്താവളം ഏരിയ സ്റ്റേഷൻ കമാൻഡർ എൻ. അനിൽ ജോസഫ്, കമാൻഡ് മെഡിക്കൽ ഓഫീസർ ജി.കെ. ദുത്ത, ആരതി സരിൻ എന്നിവർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ, എറണാകുളം മെഡിക്കൽ കോളേജിലെ ഡോ. ഗണേഷ് മോഹൻ, ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ശ്രീദേവി, തുറമുഖ ഹെൽത്ത് ഓഫീസർ ഡോ. ഗ്യാമിനി, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരെ ജനറൽ ആശുപത്രിയിലെത്തി അഭിനന്ദനം അറിയിച്ചു.
വ്യോമസേനാ വിമാനങ്ങളും ഹെലികോപ്ടറുകളും മറൈൻഡ്രൈവിൽ മാർച്ച് പാസ്റ്റ് നടത്തി. അതിവേഗ യാനങ്ങളും പ്രകടനത്തിൽ പങ്കെടുത്തു. കൊറോണ പോരാളികൾക്ക് ഇന്ത്യയുടെ നന്ദി എന്നെഴുതിയ ബാനർ നാവികസേന പ്രദർശിപ്പിച്ചു. പ്രകടനങ്ങൾ വീക്ഷിക്കാൻ രാജേന്ദ്രമൈതാനം പൊതുജനങ്ങൾക്ക് രോഗപ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കി തുറന്നുനൽകി. വെണ്ടുരുത്തി പാലത്തിന് സമീപം നങ്കൂരമിട്ട യുദ്ധകപ്പലുകളിൽ സേനയുടെ ബാൻഡ് സംഘം പ്രകടനം നടത്തി. ദീപാലംകൃതമായ യുദ്ധകപ്പലുകൾ ആദരസൂചകമായി സൈറൺ മുഴക്കുകയും ചെയ്തു.