piravom
കുര്യൻ ആശാൻ

കൊച്ചി : പ്രായം സെഞ്ച്വറിയടിക്കാൻ അഞ്ച് വർഷമേയുള്ളെങ്കിലും ലോക്ക്ഡൗണിൽ ചുമ്മാതിരിക്കാൻ കുര്യനാശാൻ ഒരുക്കമല്ല. പേരക്കുട്ടികളെ മാർഗംകളി പഠിപ്പിക്കുന്ന തിരക്കിലാണ് ആൾ.

ചെറുപ്പത്തിലേ മാർഗംകളിയിൽ ആശാനായിരുന്നു രാമമംഗലം ചക്രവേലിൽ ആശാൻ എന്നു വിളിക്കുന്ന കുര്യൻ ചാക്കോ. 'പ്രായം ഒന്നിനും ഒരു തടസമല്ല ' എന്ന് ആശാന്റെ സാക്ഷ്യം.

ചില്ലറ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മാർഗം കളിയെ കുറിച്ചു പറയുമ്പോൾ ആശാൻ അതെല്ലാം മറക്കും. മാർഗംകളി പാട്ടും നാടൻ പാട്ടുകളും ഇപ്പോഴും സുന്ദരമായി പാടും. ഒട്ടുമിക്ക പ്രമുഖ കോളേജുകളിലും സ്‌കൂളുകളിലും മാർഗം കളി പഠിപ്പിച്ചിട്ടുണ്ട്. സംസ്ഥാന യുവജനോത്സവങ്ങളിൽ സമ്മാനങ്ങൾ നേടിയ ശിഷ്യഗണങ്ങളും ഒരുപാടുണ്ട്.

സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത കലാരൂപമായ മാർഗം കളിക്ക് നൽകിയ സംഭാവനകളെ മാനിച്ചു കേരള സംഗീത നാടക അക്കാഡമി 2005 ൽ അവാർഡ് നൽകി ആദരിച്ചിരുന്നു. കേരള ഫോക്‌ലോർ നാടക അക്കാഡമി ചവിട്ടു നാടക കലാകാരൻ എന്ന നിലയിൽ ആദരിച്ചിട്ടുണ്ട്.

മികച്ച കർഷകൻ കൂടിയാണ് കുര്യൻ ചാക്കോ. നാലാം ക്ളാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളുവെങ്കിലും എഴുത്തും വായനയും പതിവ് കാര്യങ്ങൾ. മൂത്തമകൻ രാമമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് സി. സി. ജോണിനൊപ്പമാണ് താമസം. മറ്റുമക്കൾ: സൂസൻ യാക്കോബ്,ലീല ജേക്കബ്.