കോലഞ്ചേരി: ജില്ലയിലെത്തുന്ന ട്രക്ക് ജീവനക്കാർ കൊവിഡ് കാലത്തും അനുഭവിക്കുന്നത് ദുരിതങ്ങൾ മാത്രം. പാർക്കിംഗ് സ്ഥലങ്ങളിൽ പെരുമ്പാവൂരിലെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന സാഹചര്യങ്ങൾ.
ശുചിത്വമില്ലാത്ത ടോയ്ലെറ്റുകളും വിശ്രമ സൗകര്യങ്ങളും, സാനിറ്റൈസറോ, സോപ്പുകളോ, മാസ്ക്കുകൾ പോലും നല്കാത്ത ഏജൻസി ഓഫീസുകൾ തുടങ്ങി പരാധീനതകളുടെ ദയനീയ കാഴ്ചകളാണ് മിക്കയിടത്തും.
പച്ചക്കറി മാർക്കറ്റ് മുതൽ ലോറി ഏജൻസി ഓഫീസുകളുടെ പാർക്കിംഗ് കേന്ദ്രങ്ങളിൽ അടക്കം ഇതാണ് സ്ഥിതി. പാൽ, ഭക്ഷ്യ എണ്ണ,പഴങ്ങൾ, മുട്ട, മരുന്ന്, ബേക്കറി തുടങ്ങി മലയാളിക്ക് ഉണ്ണാനും, ഉടുക്കാനും, ഉറങ്ങാനുമുള്ള സാമഗ്രികൾ എത്തിക്കുന്ന അന്തർ സംസ്ഥാന ട്രക്ക് ജീവനക്കാർക്ക് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിന് തന്നെ നാണക്കേടാണ്.
ദിവസേന 2500 ൽ അടുത്ത് ട്രക്കുകൾ അതിർത്തി താണ്ടി വരുന്നുണ്ട്. പകലിരവില്ലാതെ പണിയെടുക്കുന്ന ട്രക്ക് ഡ്രൈവർമാർക്കായി മിനിമം സൗകര്യങ്ങളെങ്കിലും ഒരുക്കിക്കൊടുക്കാനുള്ള ബാധ്യത സർക്കാരിനും ഏജൻസികൾക്കുമുണ്ട്. അടിയന്തിരമായി ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്.