കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സർവമത പ്രാർത്ഥനയിൽ പതിനായിരങ്ങൾ പങ്കുചേർന്നു. ഇന്നലെ വൈകിട്ട് 3.30 ന് ആരാധനാലയങ്ങളിലും വീടുകളിലും നടന്ന പ്രാർത്ഥനയ്ക്ക് കേരളത്തിലെ വിവിധ മതനേതാക്കൾ നേതൃത്വം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, സ്വാമി ചിദാനന്ദപുരി, സ്വാമി സദ്ഭവാനന്ദ, സ്വാമി സാന്ദ്രാനന്ദ, വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബുബക്കർ മുസ്ളിയാർ, ഡോ. ഹുസൈൻ മടവൂർ, തിരുവനന്തപുരം പാളയം ഇമാം വി. പി. സുഹൈബ് മൗലവി, സീറോ മലങ്കര സഭാദ്ധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലിമിസ്, ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, യാക്കോബായ സഭാ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ്, മാർത്തോമ സഭാദ്ധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത, സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം, തൃശൂർ ഈസ്റ്റ് സിറിയൻ ചർച്ച് മെത്രാപ്പൊലീത്ത അപ്രേം എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രാർത്ഥനയിൽ പങ്കാളികളായി.