എറണാകുളം കതൃക്കടവും മഞ്ഞള്ളൂർ ഒന്നാം വാർഡും ഒഴിവാക്കാൻ കളക്ടറുടെ ശുപാർശ
കൊച്ചി: എടക്കാട്ടുവയൽ പഞ്ചായത്തിൽ ഹോട്‌സ്‌പോട്ട് പട്ടികയിൽ ഇടം പിടിച്ച 14ാം വാർഡിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നു. കോട്ടയം ജില്ലയിലെ കൊവിഡ് രോഗബാധിതന്റെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളുള്ള സ്ഥലമായതിനാലാണ് ഈ വാർഡിനെ ഹോട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്.
അതേസമയം കൊവിഡ് രോഗബാധിതനായി പാലക്കാട് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മഞ്ഞള്ളൂരിലെ 87 പേരിൽ പ്രൈമറി കോൺടാക്ടുകളായ 15 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതേത്തുടർന്ന് 87 പേരെയും ക്വാറന്റീനിൽ നിന്നും ഏപ്രിൽ 29ന് ഒഴിവാക്കിയതായി കളക്ടർക്ക് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ മഞ്ഞള്ളൂരിനെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കാവുന്നതാണെന്ന് കളക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകി.
കൊച്ചി കോർപറേഷനിലെ 65ാം ഡിവിഷനായ കലൂർ സൗത്ത് നിവാസിയായ കൊവിഡ് രോഗി രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ കോൺടാക്ടുകളും ക്വാറന്റീനിൽ നിന്നും വിടുതൽ നേടി. ഇവരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഈ സാഹചര്യത്തിൽ കലൂർ സൗത്തിനെയും ഹോട്ട് സ്‌പോട് പട്ടികയിൽ നിന്നും ഒഴിവാക്കാൻ കളക്ടർ ശുപാർശ ചെയ്തു.
മഞ്ഞള്ളൂർ ഒന്നാം വാർഡ്, എടയ്ക്കാട്ടുവയൽ 14 വാർഡ് എന്നിവയെ ഹോട്ട് സ്‌പോട്ടാക്കി സർക്കാർ ഇന്നലെ വൈകിട്ടാണ് ഉത്തരവിറക്കിയത്. ജില്ല കൊവിഡ് രോഗ മുക്തമായതിനാൽ ഗ്രീൻ സോണിലാണ്. എന്നാൽ, കോട്ടയം ജില്ലയിലെ രോഗി ചിലരുമായി സമ്പർക്കം പുലർത്തിയതിനാണ് ഈ പഞ്ചായത്തുകളിലെ രണ്ടു വാർഡുകളെ ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തിയത്.