ആലുവ: അന്യസംസ്ഥാന തൊഴിലാളികളുമായി പോകുന്ന ട്രെയിനിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ആർ.പി.എഫുകാർ തിരികെ എത്തിയാലും ക്വാറന്റൈൻ ചെയ്യിക്കാതെ വീണ്ടും ജോലി ചെയ്യേണ്ടി വരുന്നതിനെതിരെ പ്രതിഷേധം.

മേയ് ഒന്ന് മുതൽ ഞായറാഴ്ച വരെയായി സംസ്ഥാനത്ത് നിന്നും പത്തിലേറെ ട്രെയിനുകളാണ് ബീഹാർ, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുമായി പോയത്. എല്ലാ ട്രെയിനുകളിലും യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ക്രമസമാധാന ചുമതലയുമായി ഒരു എസ്.ഐ ഉൾപ്പെടെ അഞ്ച് ആർ.പി.എഫ് ഉദ്യോഗസ്ഥരുണ്ട്. സംസ്ഥാന അതിർത്തിയായ പാലക്കാട് വരെ ഡ്യൂട്ടി ചെയ്യാനാണ് തിരുവനന്തപുരം ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണറിൽ നിന്ന് ആദ്യം നിർദ്ദേശം ലഭിക്കുന്നതെങ്കിലും പിന്നീട് ഈറോഡ് വരെ ദീർഘിപ്പിക്കുകയായിരുന്നു.

കേരളത്തിൽ നിന്ന് പുറപ്പെട്ട ആറ് ട്രെയിനുകളിൽ ഒന്നൊഴികെയുള്ള ട്രെയിനുകളിലെ ആർ.പി.എഫുകാർക്കെല്ലാം ഈറോഡ് വരെ ഡ്യൂട്ടി ചെയ്യേണ്ടിവന്നു. അവിടെ വിശ്രമിച്ചശേഷം ഗുഡ്സ് ട്രെയിനുകളിലും മറ്റുമായി തിരികെയെത്തുമ്പോൾ മണിക്കൂറുകളെടുക്കും. തിരിച്ചെത്തിയാൽ ക്വാറന്റൈയിനുമില്ല, ഉടൻ ജോലിയിൽ പ്രവേശിക്കണം. 55 വയസിൽ മുകളിൽ പ്രായമുള്ളവരെ ഈ ചുമതലയിൽ നിന്നും ഒഴിവാക്കിയതിനാൽ അകമ്പടി പോയവർ തന്നെ വീണ്ടും പോകേണ്ട സാഹചര്യമാണ്. ഇതര സംസ്ഥാനത്ത് നിന്നും വരുന്നവർ 14 ദിവസം ചുരുങ്ങിയത് ക്വാറന്റൈൻ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവാണ് ഇവിടെ നഗ്നമായി ലംഘിക്കപ്പെടുന്നത്. ഇത് ആർ.പി.എഫുകാരെ ആശങ്കാകുലരാക്കുന്നു.