കൊച്ചി: എറണാകുളം ജില്ല ഗ്രീൻ സോണിലായിട്ടും കൊച്ചി കാൻസർ സെന്റർ, എറണാകുളം മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി നിർമ്മാണം എന്നിവയുടെ നിർമ്മാണം പ്രതിസന്ധിയിൽ തന്നെ. ചെന്നൈ ആസ്ഥാനമായ കരാർ കമ്പനിയുടെ എൻജിനീയർമാരെ കൊവിഡ് ടെസ്റ്റ് ചെയ്ത് കേരളത്തിലെത്തിക്കാൻ നിർമ്മാണ ചുമതലയുള്ള ഇൻകെൽ അലസത കാട്ടുന്നതാണ് പ്രശ്നം.
25 എൻജിനീയർമാരുടെ കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് ഇൻകെൽ പറയുന്നു.
എൻജിനീയർമാർക്ക് ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ പോലും താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി കാൻസർ സെന്റർ ക്യാമ്പസിലുണ്ട്. ഇവർക്ക് പുറത്തേക്ക് പോകേണ്ടിയും വരില്ല.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാട്ടുകാരായ എൻജിനീയർമാർ നാട്ടിലേക്ക് മടങ്ങിയത്. എൻജിനീയർമാർ ഇല്ലാതെ ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ കഴിയില്ല. തൊഴിലാളികൾ സ്ഥലത്തു തന്നെയുണ്ട്.
നിർമ്മാണത്തിന് മഴപ്പേടി
എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് 50 ശതമാനവും കൊച്ചി കാൻസർ സെന്ററിന്റെ 35 ശതമാനവുമാണ് ഇതുവരെ പൂർത്തിയാക്കിയത്. ജൂണിൽ കാലവർഷം ആരംഭിക്കുന്നതോടെ പണി വീണ്ടും ഇഴയും. അതിന് മുമ്പേ നിർമ്മാണം പുനാരാരംഭിക്കണം. ഇതുപ്രകാരമാണ് എൻജിനീയർമാരെ കൊവിഡ് പരിശോധന നടത്താൻ തയ്യാറായത്.
ടെസ്റ്റുകളുടെ ഫലം ജില്ലാ കളക്ടർക്ക് നൽകി ആരോഗ്യവകുപ്പിന്റെ അനുമതി കൂടി ലഭിച്ചാൽ എൻജിനീയർമാരെ എത്തിക്കാമെന്നാണ് ഇൻകെൽ അധികൃതർ അറിയിക്കുന്നത്. കേരളത്തിൽ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടെന്ന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവും കാര്യങ്ങൾ എളുപ്പമാക്കും.
"120 നിർമ്മാണ തൊഴിലാളികൾ സൈറ്റിലുണ്ട്. ഇവരുടെ ജോലി മേൽനോട്ടം വഹിക്കേണ്ട എൻജിനീയർമാരാണ് എത്തേണ്ടത്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ഇവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പെട്ടെന്ന് ജോലി പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷ."
ഡോ. മോനി കുര്യാക്കോസ്
ഡയറക്ടർ
കൊച്ചി കാൻസർ സെന്റർ