കുട്ടനാട്: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കുട്ടനാടൻ ജലാശയങ്ങളിൽ ഒരടിയോളം ജലനിരപ്പ് ഉയർന്നു. അതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഈ പ്രദേശങ്ങൾ മാസങ്ങളായി ഉണങ്ങിക്കിടന്നിരുന്നതാണ്. നീരൊഴുക്കു വന്നതോടെ വെള്ളത്തിലെ മലിനീകരണത്തോതു കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ ചെറുതോടുകൾ പലതും വറ്റിയ അവസ്ഥയിലായിരുന്നു. ഒരടി വെള്ളം ഉയർന്നതോടെ പല തോടുകളിലും വെള്ളം എത്തിത്തുടങ്ങി.
ജലനിരപ്പ് താഴ്ന്നതു ജലഗതാഗത്തിന് വെല്ലുവിളിയായിരുന്നു. നെടുമുടിയിൽ റേഷൻ സാധനങ്ങളുമായി എത്തിയ വള്ളം ജലാശയത്തിന്റെ താഴെയുണ്ടായിരുന്ന കുറ്റിയിൽ തട്ടി അപകടത്തിൽപെട്ട സംഭവങ്ങളും പുളിങ്കുന്നിൽ കൊയ്ത്ത് യന്ത്രങ്ങൾ ജങ്കാറിൽ എത്തിക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ടായി.ഷട്ടർ തുറന്നെങ്കിലും നേരിയ തോതിൽ മാത്രമേ ഉപ്പുവെള്ളം എത്തിയുള്ളൂ. കായൽമേഖലകളിൽ ഉപ്പിന്റെ സാന്നിദ്ധ്യം കൂടിയിട്ടുണ്ട്. കുട്ടനാട്ടിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം എത്താനാണ് സാദ്ധ്യത. രണ്ടു ദിവസത്തിനുള്ളിൽ ഉപ്പുവെള്ളം കയറുന്നതോടെ പോളയുടെയും ജലാശയങ്ങളുടെ അടിത്തട്ടിലുള്ള മറ്റും ജലഗതാഗതത്തിനു തടസ്സമാകുന്ന സസ്യങ്ങളും നശിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.