നെടുമ്പാശേരി: ലോക്ക് ഡൗൺ ഡ്യൂട്ടിക്കിടെയാണ് പുഞ്ചിരിയുമായി സൈക്കിളിൽ പായുന്ന വിനയിനെ നെടുമ്പാശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.പി. ബിനുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. കൗതുകത്തിന് വിവരങ്ങൾ തിരക്കിയപ്പോൾ കേട്ടത് ദുരിതക്കയത്തിൽ നീന്തുന്ന കൗമാരക്കാരന്റെ ജീവിതം.
ഫേസ് ബുക്കിൽ ബിനു ഇക്കാര്യം കുറിച്ചതോടെ വിനയ് താരമായി. 24 മണിക്കൂറിനകം ലഭിച്ചത് 15,000ത്തിലേറെ ഷെയറുകൾ. 7,000ത്തിലേറെ കമന്റുകൾ, 40,000ത്തോളം ലൈക്കുകൾ.
വിനയിനെ സഹായിക്കാനും പഠന ചെലവുകൾ വഹിക്കാനും തയ്യാറായി നിരവധി പേർ രംഗത്തെത്തി. അഞ്ചാം പാതിര സിനിമയിലെ വില്ലൻ ഷറഫുദ്ദീനും വിളിച്ചവരിൽപ്പെടും. അത്താണി ശാന്തി നഗറിൽ ഈരാളി വർഗീസിന്റെ വീട്ടിൽ സുഹൃത്തിനൊപ്പം വാടകക്ക് താമസിക്കുകയാണ് വിനയ്.
കുറച്ചു ദിവസങ്ങളായി വിനയ് സൈക്കിളിൽ പോകുന്നത് അത്താണി വി.ഐ.പി റോഡിലെ ഡ്യൂട്ടിക്കിടയിൽ പൊലീസുകാരൻ ബിനുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണത്തിനായിരുന്നു യാത്ര. അച്ഛനും അമ്മയും വിനയിന്റെ ബാല്യത്തിലേ മരിച്ചു. മാതാപിതാക്കളുടേത് പ്രണയവിവാഹമായതിനാൽ തുണയായി ബന്ധുക്കളും ഉണ്ടായില്ല. തൃശൂർ തലോറിൽ മാതൃസഹോദരിക്കൊപ്പമായിരുന്നു വളർന്നത്. തലോർ ദീപ്തി എച്ച്.എസ്.എസിൽ എട്ടാം ക്ളാസിൽ എത്തിയപ്പോഴേക്കും മാതൃസഹോദരിയും കടുംബവും ബംഗളൂരുവിലേക്ക് താമസം മാറ്റി. ഇതോടെ പഠനം അവസാനിപ്പിച്ച വിനയ് മുംബയിലെത്തി ബ്രഡ് വിൽപ്പനക്കാരന്റെ സഹായിയായി. പഠിക്കാൻ ആഗ്രഹിച്ച് തിരികെയെത്തി ഓപ്പൺ സ്കൂളിൽ എസ്.എസ്.എൽ.സി ജയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് ലോട്ടറി വിറ്റായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഒരു പേപ്പർ കൂടി ലഭിച്ചാൽ പ്ളസ്ടുവും കടക്കും. ലോട്ടറി വിൽപ്പന തടസപ്പെട്ടതോടെ പ്രതിസന്ധിയിലായി.
ഇതിനിടെ നാല് സിനിമകളിലും മുഖം കാണിച്ചു. ലോനപ്പന്റെ മാമോദീസയിൽ തരക്കേടില്ലാത്ത റോളും. നടനാകുക ജീവിതലക്ഷ്യമാണ്. പക്ഷേ ഇപ്പോൾ ജീവിക്കലാണ് പ്രധാനമെന്ന് വിനയ്.