-asif

കാറാച്ചി: കൊവിഡ് കാലത്തും പാകിസ്ഥാൻ ക്രിക്കറ്റിനെ വിടാതെ പിന്തുടരുകയാണ് ഒത്തുകളി വിവാദം. മുൻ പാകിസ്ഥാൻ താരം ഉമർ അക്മലിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയതിന് പിന്നാലെയാണ് പാക് ക്രിക്കറ്റിൽ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും തിരി കൊളുത്തിയത്. മുൻ വിക്കറ്റ് കീപ്പർ ഹൈദറാണ് വെളിപ്പെടുത്തലുമായി ആദ്യം എത്തിയത്. തന്നെ ഉമർ അക്മലിന്റെ നേതൃത്വത്തിൽ ഒത്തുകളിക്കാൻ നിർബന്ധിച്ചുവെന്നാണ് ഹൈദർ തുറന്ന് പറഞ്ഞത്.

ഇപ്പോഴിതാ, ഒത്തുകളി വിവാദത്തിൽ അകപ്പെട്ട് ഏഴ് വർഷം വിലക്ക് ലഭിച്ച പാക് മുൻ പേസർ മുഹമ്മദ് ആസിഫും ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്. എനിക്കു മുമ്പും പാകിസ്ഥാൻ ക്രിക്കറ്റിൽ ഒത്തുകളിച്ച താരങ്ങളുണ്ടെന്നാണ് ആസിഫ് വെളിപ്പെടുത്തിയിരിക്കുന്നത്. എനിക്കുശേഷം വന്നവരിലും ഒത്തുകളിക്കാരുണ്ട്. ഒത്തുകളിച്ചവരിൽ ചിലർ ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലുണ്ട്. എനിക്കുശേഷം ഒത്തുകളിച്ചവരിൽ ചിലർ ഇപ്പോഴും പാകിസ്ഥാൻ ടീമിലുമുണ്ട്. എല്ലാവർക്കും രണ്ടാമത് ഒരു അവസരം കൂടി ലഭിച്ചു എന്നതാണ് സത്യം. തന്നെ പോലെ ചിലർക്കു മാത്രം അങ്ങനെയൊരു അവസരം കിട്ടിയില്ല- ആസിഫ് പറഞ്ഞു.


ഇ.എസ്.പി.എൻ ക്രിക്ഇൻഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റിനെ ഞെട്ടിച്ച വെളിപ്പെടുത്തൽ താരം നടത്തിയത്. രാജ്യാന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കേണ്ടി വന്ന രീതി നിരാശപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പിന്നാലെയായിരുന്നു ആസിഫ് മനസ് തുറന്നത്. കരിയർ കൂടുതൽ മികച്ച രീതിയിൽ അവസാനിപ്പിക്കാനായിരുന്നു ആഗ്രഹമെന്ന് ആസിഫ് പറഞ്ഞു.

ഇക്കാര്യത്തിൽ ഖേദമുണ്ട്. അതെല്ലാം പഴയ കഥയാണ്. സംഭവിച്ചതെല്ലാം അങ്ങനെ തന്നെ സംഭവിക്കേണ്ടതായിരുന്നുവെന്ന് കരുതുന്നു. എല്ലാവർക്കും ജീവിതത്തിൽ ഇത്തരം ഖേദങ്ങളുണ്ടാകും. ചിലർ മാത്രമേ പുറത്തു പറയൂ. തന്റെ ബൗളിംഗ് വളരെ മികച്ചതായിരുന്നുവെന്ന് ഒട്ടേറെപ്പേർ പറയുമ്പോഴും പിസിബി എന്റെ കാര്യത്തിൽ കാര്യമായ പരിഗണനയൊന്നും കാട്ടിയില്ല. എന്തായാലും പഴയ കാര്യങ്ങളോർത്ത് സങ്കടപ്പെടാൻ ഞാനില്ല- ആസിഫ് പങ്കുവച്ചു.