കോലഞ്ചേരി: നാടു നീളെ നിറക്കൂട്ടൊരുക്കിയവരുടെ ജീവിതത്തിന്റെ നിറം മങ്ങി. സീസൺ നഷ്ടമായ പെയിന്റിംഗ് തൊഴിലാളികൾക്കു മുന്നിൽ തുടർ ജീവിതം എങ്ങനെ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് ഇവർക്ക് നഷ്ടമായത് ഒരു വർഷത്തിൽ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സീസണാണ്. പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം നിലവിലുള്ള വീടുകൾക്ക് പെയിന്റ് ചെയ്ത് മോടിപിടിപ്പിക്കാനും എല്ലാവരും തിരഞ്ഞെടുക്കുന്നത് വേനൽക്കാലമാണ്.
പെയിന്റ് കടകളിൽ നിന്ന് മിക്‌സ് ചെയ്ത് കൊണ്ടു വരുന്ന പെയിന്റാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് ഏറെക്കാലം വെറുതെവച്ചാൽ ഗുണം നഷ്ടപ്പെടും. പെയിന്റിംഗ് ആരംഭിച്ച കെട്ടിടങ്ങൾക്ക് വേണ്ടി തയാറാക്കിയവ കേടാകാനും സാദ്ധ്യതയുണ്ട്. ഇതിൽ വെള്ളം ചേർത്ത് നിശ്ചിത ദിവസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ ദുർഗന്ധം വരുമെന്നും തൊഴിലാളികൾ പറയുന്നു. പെയിന്റ് ചെയ്യുന്നതിനു മുമ്പ് പുട്ടിയടിച്ചിട്ടുണ്ടെങ്കിൽ ഇവ സാൻഡ് ചെയ്ത് മിനുസപ്പെടുത്തണം. അല്ലെങ്കിൽ പുട്ടി കട്ടിപിടിച്ച് കല്ലിന് സമാനമാകും. പിന്നീട് ഇത് വീണ്ടും ഇളക്കി കളയേണ്ടി വരും.
#സീസൺ നഷ്ടപ്പെട്ട് പെയിന്റിംഗ് തൊഴിലാളികൾ
എന്നാൽ ലോക്ക് ഡൗണിലും നിയന്ത്റണങ്ങളിലും 3 മാസത്തോളം വരുന്ന സീസൺ മുഴുവനായും തന്നെ പെയിന്റിങ് തൊഴിലാളികൾക്ക് നഷ്ടമായി. ഇത്തരത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായി വെറുതെയിരിക്കുന്നത്. അസംഘടിത മേഖലയായതിനാൽ തങ്ങളുടെ കാര്യം ഇതുവരെ ആരും പരിഗണിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി.വീട്, ഓഫീസ്, വാണിജ്യ കെട്ടിടങ്ങൾ എന്നിവയിലെല്ലാം ആരംഭിച്ച പെയിന്റിംഗ് ജോലികൾ മാർച്ച് പകുതിയോടെ പാതിവഴിയിൽ നിലച്ചു.
#ലോക്ക് ഡൗണിന് ശേഷം ഇനി എന്ത്
മേയ് അവസാനത്തോടെ മഴക്കാലം ആരംഭിക്കുമെന്നതിനാൽ ലോക്ക് ഡൗൺ കഴിഞ്ഞാലും പണിയില്ലാത്ത അവസ്ഥയാണുണ്ടാവുക. തൊഴിലാളികൾക്കു സംഘടനയില്ലാത്തതിനാൽ, സംഘടിത തൊഴിലാളികൾക്കു ലഭിക്കുന്ന പരിരക്ഷയും ആനുകൂല്യവും ലഭിക്കുന്നില്ല. നിർമാണ തൊഴിലാളി മേഖലയിൽ ഉൾപ്പെടുത്തി 1000 രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് ക്ഷേമനിധിയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ലഭിക്കുന്നത്. ഈ മേഖലയിൽ ഭൂരിഭാഗം പേരും ക്ഷേമനിധി ആനുകൂല്യത്തിൽ ഉൾപ്പെടാത്തവരാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നല്കിയെങ്കിലും പല വീട്ടുകാരും പണി തുടങ്ങാൻ തയ്യാറാകുന്നില്ല.