മുംബയ്: ലോക്ക് ഡൗണിൽ പൂട്ടിയ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്നും ഏഴ് കോടി രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. മുംബയ് ഓഷേവാരി സ്‌റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് റാത്തോഡാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും 80 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മോഷ്ടാക്കളെ ഉപയോഗിച്ച് സന്തോഷ് റാത്തോഡാണ് കവർച്ചയ്ക്ക് പദ്ധതയിട്ടത്. ഇയാളെക്കൂടാതെ ഏഴ് പേരെകൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുംബയിലെ നീരജ് ഇൻഡസ്ട്രിയൽ എന്ന ആഭരണ നിർമ്മാണ ശാലയിലാണ് കവർച്ച നടന്നത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ അന്ന് നിർമ്മാണശാല പൂട്ടി ഉടമ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇത് തിരിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടാളികളെ ഉപയോഗിച്ച് കവർച്ച നടപ്പാക്കുകയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ കവർച്ച നടന്ന വിവരം ഏതാനും ദിവസത്തിന് ശേഷമാണ് ഉടമ അറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ പരാതി നല്കുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ഒന്നൊന്നായി പിടികൂടുകയായിരുന്നു.പൊലീസ് പിടിയിലായെങ്കിലും സന്തോഷ് റാത്തോഡ് കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. പിന്നീട് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. അതേസമയം, നിരവധി സ്വർണാഭരണ നിർമ്മാണശാലകൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് കവർച്ച നടന്നത്. ഈ സ്ഥലത്തെക്കുറിച്ചും ആഭരണശാലകളെ സംബന്ധിച്ചും പൊലീസ് ഉദ്യോഗസ്ഥന് നല്ല ധാരണ ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞു.