കൊച്ചി: ലോക്ക് ഡൗണും പ്രജനനകാലവും ഒരുമിച്ചുവന്നതോടെ രാത്രി മാത്രം പുറത്തിറങ്ങുന്ന മരപ്പട്ടികൾ പകലും വിഹരിച്ചു. വെളിമ്പറമ്പുകൾ കിളച്ചുമറിച്ച് കൃഷിപ്പണി ഉൗർജിതമായതോടെ പാമ്പുകളും മാളം വിട്ടിറങ്ങി. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഈ അവസ്ഥ വന്നതോടെ വനംവകുപ്പിന് പണിയായി.
# മാളം നഷ്ടപ്പെട്ട് പാമ്പുകൾ
ലോക്ക് ഡൗണിൽ പാമ്പുകളാണ് വിളയാടിയത്. നിരവധിപേർ ഒറ്റയ്ക്കും കൂട്ടായും കൃഷി തുടങ്ങി. കുറ്റിക്കാടുകൾ തെളിച്ചപ്പോൾ ചേരയും മൂർഖനും അണലിയും പെരുമ്പാമ്പും പുറത്തുചാടി. ഇവയെ പിടികൂടാൻ സഹായം തേടി വനംവകുപ്പിന്റെ അനിമൽ റെസ്‌ക്യൂ ടീമിന് ലഭിച്ച ഫോൺ വിളികൾ നിരവധി.
കൊച്ചിയിൽ വൈറ്റില, പൊന്നുരുന്നി, തമ്മനം മേഖലകളിൽ നിന്ന് നിരവധി പാമ്പുകളെ പിടികൂടി. രവിപുരത്തെ പറമ്പിൽ കൃഷി ചെയ്യാൻ കിളച്ചപ്പോൾ പുറത്തുവന്ന പാമ്പിനെ പിന്നീട് കണ്ടില്ലെന്ന ആശങ്കയിലും ഫോൺ വിളി വന്നു.
# ഇരതേടി പെരുമ്പാമ്പ്
പെരുമ്പാമ്പുകൾ ലോക്ക് ഡൗൺ കാലത്ത് വർദ്ധിച്ചു. തോടുകളിലും മറ്റും മാംസവാശിഷ്ടങ്ങൾ തള്ളുന്നത് തിന്നാൻ ഇവ പുറത്തിറങ്ങി. മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ എലികളെ വിഴുങ്ങാനുമെത്തി. തോടുകളിലായിരുന്നു ഇവയെ കൂടുതൽ കണ്ടതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
# നാടുചുറ്റി മരപ്പട്ടികൾ
മരപ്പട്ടികളുടെ പ്രജനനകാലമാണ് മാർച്ച് മുതൽ മേയ് വരെ. പകൽ ഒളിവിൽ കഴിയുകയും രാത്രി ഇരതേടി ഇറങ്ങുകയുമാണ് ഇവയുടെ ശീലം. കുഞ്ഞുങ്ങളുമായി സന്ധ്യക്ക് മുമ്പേ ഇക്കുറി കറങ്ങാൻ ഇറങ്ങി. പ്രജനനശേഷം മരപ്പട്ടികളുടെ ശീലമാണത്. ജനങ്ങൾ വീടുകളിൽ ഇരുന്നതിനാലാകാം ഇവ വൈകിട്ട് പുറത്തിറങ്ങിയത്. പലയിടത്തും ഇവയെ കണ്ട് ആളുകൾ ഭയന്നു.
മരപ്പട്ടികൾക്ക് താമസിക്കാൻ ചെറിയ കുറ്റിക്കാടുകളും മരങ്ങളും മതി. നഗരങ്ങളിൽ അധികവും മച്ചിൻപുറങ്ങളിലാണ് വാസം. ജില്ലയുടെ കിഴക്കൻ മേഖലകളിൽ സുലഭമായ ഇവ കൊച്ചി നഗരത്തിലുമുണ്ട്. വൈറ്റിലയിലെ പറമ്പിൽ നിന്നും കഴിഞ്ഞയാഴ്ച ഇവയെ വനം ഉദ്യോഗസ്ഥർ പിടികൂടി.
# മരപ്പട്ടി പുരാണം
മരനായ എന്നും വിളിക്കാറുണ്ട്
സസ്തനി വിഭാഗം
ഏഷ്യൻ പാം സിവെറ്റ് എന്ന് ഇംഗ്ളീഷിൽ
ശാസ്ത്രനാമം : പരാഡോക്സറസ് ഹെർമഫ്രോഡിറ്റസ്
ഇഷ്ടഭക്ഷണം : പനങ്കുല, തെങ്ങിൻ പൂക്കുല, തേങ്ങ
ഭാരം : ഒന്നു മുതൽ മൂന്നര വരെ കിലോഗ്രാം
നീളം : ഒരു മീറ്റർ
പ്രത്യേകത : മരങ്ങളിൽ പിടിച്ചുകയറാൻ കൂർത്ത കാൽനഖങ്ങൾ
പൂച്ചകളെപ്പോലെ ചീറും കടിക്കും
ഒൗഷധത്തിനും ഇറച്ചിക്കും ഉപയോഗിക്കും
# ശല്യം വർദ്ധിച്ചില്ല
"ലോക്ക് ഡൗൺ കാലത്ത് വന്യജീവികളുടെ ശല്യം വർദ്ധിച്ചില്ല. പാമ്പുകളും മരപ്പട്ടിയും കൂടുതലായി പുറത്തിറങ്ങി. മലയാറ്റൂർ മുള്ളംകുഴിയിൽ പുലി ഇറങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്."
അനിമൽ റസ്‌ക്യൂ ടീം
വനം വകുപ്പ്