basil
ബേസിൽ

കോലഞ്ചേരി: ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കി വച്ചാണ് വിടരും മുമ്പ് കൊഴിഞ്ഞു വീണ യുവ നടൻ ബേസിൽ ജോർജിന്റെ യാത്ര. ചുരുങ്ങിയ കാലയളവിൽ തന്നെ സ്‌നേഹിച്ച ഒരു പ​റ്റം ആരാധകരുടെ മനസിൽ ഒരു പാട് നൊമ്പരങ്ങൾ ബാക്കിയാക്കി.

ഞായറാഴ്ച രാത്രി വാളകം മേക്കടമ്പിൽ നടന്ന കാറപകടത്തിൽ ബേസിലും രണ്ടു സുഹൃത്തുക്കളുമാണ് ഓർമ്മയിലേക്ക് മറഞ്ഞത്.

ഇവരിൽ ഒരാളായ വാളകം എള്ളാൽ അശ്വിൻ ജോയി (29)യുടെ വിവാഹം അടുത്തയാഴ്ച നടക്കേണ്ടതാണ്. ലോക്ക് ഡൗൺ ആയതിനാൽ മാറ്റി നിശ്ചയിച്ച വിവാഹം ലളിതമായി നടത്താനായിരുന്നു തീരുമാനം. ഇതിന്റെ ഒരുക്കങ്ങൾക്കായി കോലഞ്ചേരിയിൽ പോയി മടങ്ങും വഴിയാണ് അപകടം.

നിയന്ത്രണം തെറ്റിയ കാർ മേക്കടമ്പ് പള്ളിത്താഴത്ത് കൊങ്ങണത്തിൽ ജോയിയുടെ കെട്ടിടത്തിലേക്കാണ് ഇടിച്ചുകയറിയത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന അശ്വിന്റെ അയൽവാസി കുന്നയ്ക്കാൽ ഇലവുങ്ങത്തടത്തിൽ നിഥിൻ ബാബു(35) വും തൽക്ഷണം മരിച്ചു.

കാറിലുണ്ടായിരുന്ന മേക്കടമ്പ് സ്വദേശി സാഗർ സെൽവകുമാർ (19), കുന്നയ്ക്കാൽ മറ്റപ്പിള്ളിൽ ലിതീഷ് തമ്പാൻ (34) എന്നിവരെയും കെട്ടിടത്തിലെ താമസക്കാരായ അന്യ സംസ്ഥാന തൊഴിലാളികളായ ജയ് ദീപ് (28), റെമിസ് ഷെയ്ഖ് (22), അമർ (49) എന്നിവരേയും പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലിതീഷും സാഗറും ഗുരുതരാവസ്ഥയിലാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ പരിക്ക് സാരമുള്ളതല്ല.

നവാഗതനായ ഫാറൂഖ് അലിയെന്ന സംവിധായകനാണ് പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലൂടെ ബേസിൽ എന്ന നാട്ടിൻപുറത്തുകാരനായ യുവാവിനെ കഴിഞ്ഞ ആഗസ്റ്റിൽ സിനിമാ ലോകത്ത് എത്തിച്ചത്.

ബേസിൽ, അശ്വിൻ എന്നിവരെ കടമറ്റം പള്ളിയിലും നിധിനെ വീട്ടു വളപ്പിലും സംസ്ക്കരിച്ചു.