കൊച്ചി : സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഒാർഡിനൻസ് നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ, കേരള എൻ.ജി.ഒ സംഘ് തുടങ്ങിയ സർവീസ് സംഘടനകൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് പരിഗണിച്ചേക്കും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ചുമാസത്തേക്ക് പിടിക്കാൻ ഏപ്രിൽ 23 ന് ഉത്തരവിറക്കിയത് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതു മറികടക്കാനാണ് സർക്കാർ ധൃതിയിൽ ഒാർഡിനൻസ് പാസാക്കിയതെന്നും നിരവധി പോരായ്മകൾ ഒാർഡിനൻസിലുണ്ടെന്നും ഹർജിക്കാർ ആരോപിക്കുന്നു.
ഇതേ വിഷയത്തിൽ സർവീസ് സംഘടനകൾ നൽകിയ ഹർജികൾ സിംഗിൾബെഞ്ചിന്റെ പരിഗണനയിലാണ്. ഇതിനു പുറമേയാണ് ഒാർഡിനൻസ് റദ്ദാക്കണമെന്ന ഹർജിയുമായി ഇതേ സംഘടനകൾ വീണ്ടും ഹർജി നൽകിയത്. ഒാർഡിനൻസ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.
നന്ദികേടെന്ന് ഗവ.
നഴ്സസ് യൂണിയൻ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ നഴ്സുമാരെ ശമ്പളം പിടിക്കാനുള്ള ഒാർഡിനൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്സസ് യൂണിയൻ ഹർജി നൽകി. സ്വന്തം ജീവൻപോലും പണയം വച്ച് നഴ്സുമാർ നടത്തുന്ന പ്രവർത്തനങ്ങൾ കണ്ടില്ലെന്നു സർക്കാർ നടിക്കുന്നത് നന്ദികേടാണ്. മുൻകാലങ്ങളിൽ നഴ്സുമാർ കഴിയാവുന്ന സഹായം ചെയ്തിട്ടുണ്ട്. ഇത്തവണയും തയ്യാറാണ്. എന്നാൽ അനുവാദം പോലും ചോദിക്കാതെ ശമ്പളം തട്ടിയെടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഹർജിയിൽ പറയുന്നു.