കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ ജി.ജെ ഇക്കോ പവർ കമ്പനിയുമായി ഒപ്പിട്ട കരാർ സർക്കാർ റദ്ദാക്കിയതോടെ ഉടലെടുത്ത പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര നഗരസഭാ കൗൺസിൽ യോഗം ചേരും. ആധുനിക പ്ളാന്റ് വരുന്നതോടെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുമെന്ന് സ്വപ്നം കണ്ടിരുന്ന കോർപ്പറേഷന് കരാർ റദ്ദാക്കിയത് കനത്ത പ്രഹരമായി.
നിലവിലെ മാലിന്യസംസ്കരണ പ്ളാന്റ് ഏതുനിമിഷവും തകർന്നു വീഴുമെന്ന അവസ്ഥയിലാണ്. പുതിയ ഏജൻസിയെ കണ്ടെത്താൻ കെ.എസ്.ഐ.ഡി.സിയെ സർക്കാർ ചുമതലപ്പെടുത്തിയെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകി പ്ളാന്റ് യാഥാർത്ഥ്യമാകാൻ വർഷങ്ങൾ വേണ്ടിവരും. കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സാമ്പത്തികക്ലേശം രൂക്ഷമായ സാഹചര്യത്തിൽ ബ്രഹ്മപുരത്തിന്റെ പേരിൽ ഒരു പൈസ പോലും ചെലവഴിക്കാൻ കോർപ്പറേഷന് കഴിയില്ലെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു. കരാർ റദ്ദാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എമാരായ ടി.ജെ. വിനോദും പി.ടി. തോമസും രംഗത്തെത്തി.
# നിയമനടപടികൾ കുരുക്കാകും
പ്ളാന്റിന് 20 ഏക്കർ സ്ഥലം ലൈസൻസ് ഫീസ് ഈടാക്കി കമ്പനിക്ക് പണയത്തിന് നൽകാനായിരുന്നു തീരുമാനം
കൗൺസിൽ തീരുമാനം മറികടന്ന് 99 വർഷത്തേക്ക് 24 ഏക്കർ പാട്ടത്തിന് നൽകാൻ സർക്കാർ ഉത്തരവിട്ടു
കോർപ്പറേഷന്റെ അനുമതിയില്ലാതെ അധികമായി നാല് ഏക്കർ നൽകി
കരാർ റദ്ദാക്കുന്നതിനെതിരെ ജി.ജെ.ഇക്കാേ പവർ നിയമനടപടിക്ക് നീങ്ങിയാൽ കോർപ്പറേഷൻ വെട്ടിലാവും.
# സാമ്പത്തിക ബാദ്ധ്യത അറിയിച്ചില്ലെന്ന് സർക്കാർ
പ്ളാന്റ് നിർമ്മാണത്തിന് 2016 ൽ കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ട കമ്പനി ഇതുവരെ സാമ്പത്തികഭദ്രത തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയോ ഉത്പാദനം ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞാണ് സർക്കാർ കരാർ റദ്ദാക്കിയത്.
# മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തുമെന്ന് കമ്പനി
പാരിസ്ഥിതികാനുമതി ഉൾപ്പെടെ 21 സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വർഷങ്ങളെടുത്തതു കൊണ്ടാണ് പദ്ധതി വൈകിയതെന്ന് കമ്പനി പറയുന്നു. ബാങ്ക് വായ്പ ലഭിക്കുന്നതിന് പുതുക്കിയ പാട്ടക്കരാറും വരുമാന സ്രോതസ് വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കേണ്ടതുണ്ട്. പദ്ധതിയുടെ 70 ശതമാനം തുകയും ബാങ്ക് വായ്‌പയായി ലഭ്യമാക്കും. ബാക്കി തുക വിദേശത്ത് നിന്ന് സ്വരൂപിക്കും. ഇതിന്റെ രേഖകൾ സർക്കാരിന് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തുമെന്ന് കമ്പനി വക്താവ് അറിയിച്ചു.