മൂവാറ്റുപുഴ: കടയിരിപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാർത്ഥികൾ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പൻസർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേയ്ക്ക് നൽകി. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പൻസറിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വിഹിച്ചു. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഹാൻഡ് സാനിറ്റൈസർ രണ്ടാം ഘട്ടത്തിൽ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുവാനായി ജില്ലാ കളക്ടർക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റ്, കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം, മൂവാറ്റുപുഴ ജനറൽ ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, കടയിരുപ്പ് ഹെൽത്ത് സെന്റർ, പുതിയകാവ് ആയുർവ്വേദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്ഥാപിച്ച് കഴിഞ്ഞു. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ കൈകൾ സ്പർശിക്കാതെതന്നെ ആളുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കോളേജിലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് എസ്.എ.ഇ, ഐ.ഇ.ഡി.സി എന്നീ വിദ്യാർത്ഥി കൂട്ടായ്മകളാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. കോളേജ് മാനേജ്‌മെന്റിന്റെ ധനസഹായത്തോടെ മെക്കാനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ അരുൺ എൽദോസിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ എൽദോസ് ജോർജ്, ഗോവിന്ദ്.എസ്.നായർ, ഇ.എസ്.അനന്തു, വി.എസ്.പ്രശാന്ത്, പ്രിൻസ് ചെറിയാൻ, എം.എം.അബ്ദുൽ അഫീഫ്, ആന്റണി ജോർജ്, അദുൽ മണി, ബേസിൽ പീറ്റർ, അലൻ ബാബു, ഏലിയാസ്.എം.ഷാജി, സാൽമൺ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പൻസർ നിർമ്മിച്ചത്.