കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ട ജോലികൾ രണ്ട് ദിവസത്തിനകം ആരംഭിക്കും. ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടർ എസ് .സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. 33 ജോലികളായിരുന്നു രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ സമയ പരിധി മൂലം മുൻഗണന പട്ടികയിലുള്ള 22 ജോലികൾ ഉടൻ പൂർത്തിയാക്കാൻ കളക്ടർ നിർദേശം നൽകി. ഇവയിൽ അഞ്ച് ജോലികൾക്കുള്ള അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ ജോലികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ടെക്‌നിക്കൽ കമ്മിറ്റിക്ക് കളക്ടർ നിർദേശം നൽകി. ചെല്ലാനം മേഖലയിലെ മഴക്കാല പൂർവ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഡി.സി.പി.ജി പൂങ്കുഴലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.