asthma

കൊച്ചി: മേയിലെ ആദ്യ ചൊവ്വാഴ്ചയായ ഇന്ന് ലോക ആസ്‌ത്‌മ ദിനമാണ്. കൊവിഡ് -19 എന്ന കുഞ്ഞൻ വൈറസ് ഏറ്റവുമധികം ആക്രമിക്കുന്നത് മനുഷ്യരുടെ ശ്വാസകോശത്തെ ആയതിനാൽ ഈ വർഷത്തെ ആസ്‌ത്‌മ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. രോഗവും രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുമാണ് ഇക്കുറി ബോധവത്കരണ സന്ദേശവിഷയം.

കേരളത്തിലെ ജനസംഖ്യയിൽ 12 മുതൽ 16 ശതമാനം വരെ ആസ്‌ത്‌മ രോഗികളുണ്ടെന്നാണ് കണക്ക്. പൊടിപടലവും അന്തരീക്ഷ മലിനീകരണവുമാണ് രോഗത്തിലേക്ക് നയിക്കുന്നത്. പ്രായഭേദമെന്യേയാണ് രോഗം പിടിപെടുന്നത്.

ആസ്‌ത്‌മ രോഗികൾക്ക് കൊവിഡ് -19 പിടിപെടാനുള്ള സാദ്ധ്യതയേറെയാണ്. ആസ്‌ത്‌മയ്ക്ക് ഡോക്ടർ നിർദ്ദേശിച്ച ഇൻഹേല‌ർ ഉൾപ്പെടെയുള്ള മരുന്നുകളിൽ മുടക്കംവരാതെ വേണം കൊവിഡിന് ചികിത്സിക്കേണ്ടത്. നെബുലൈസർ ചികിത്സ അരുത്.

കൊവിഡ് കാലത്ത് ആസ്‌ത്‌മ രോഗികൾ ശ്രദ്ധിക്കാൻ

 പൊടിപടലമോ അന്തരീക്ഷ മലിനീകരണമോയുള്ള സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുക

 പെയിന്റിംഗ് പോലുള്ള തൊഴിലെടുക്കുന്നവർ രണ്ടു മാസത്തേക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കുക

 ലക്ഷണങ്ങളില്ല എന്ന കാരണത്താൽ ഉപയോഗിക്കുന്ന മരുന്നുകൾ മുടക്കാതിരിക്കുക

 അലർജി മൂലമുള്ള ആസ്‌ത്‌മ ആണെങ്കിൽ അലർജിക്കുള്ള മരുന്ന് മുടക്കരുത്

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.എ. ഫത്താഹുദ്ദീൻ

(എറണാകുളം ജില്ലാ കൊവിഡ് നോഡൽ ഓഫീസർ)

പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ തലവൻ

എറണാകുളം മെഡിക്കൽ കോളേജ്