പറവൂർ : വഴിയോരത്ത് ഓട്ടോറിക്ഷയിൽ ചക്കവറുത്തതും പച്ചക്കറിയും പൈനാപ്പിളും വിറ്റുകിട്ടിയ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത് കോൺഗ്രസ് പറവൂർ മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ. ഇതുവരെ ചെയ്തിട്ടില്ലാത്ത ജോലിയാണ് ലോക്ക് ഡൗണിൽ ഇദ്ദേഹം തിരഞ്ഞെടുത്തത്. പച്ചക്കറിയും പൈനാപ്പിളും പറവൂർ മാർക്കറ്റിൽ നിന്നും ചക്കവറുത്തതും കായ്‌വറുത്തതും തൃശൂരിൽ നിന്നും വാങ്ങിയായിരുന്നു വില്പന. മാർക്കറ്റ് വിലയിൽ നിന്നും കുറച്ചാണ് എല്ലാ സാധനങ്ങളും വിറ്റത്. അതിനാൽ കച്ചവടം കൂടുതലായി നടന്നു. പറവൂർ നഗരത്തിൽ നമ്പൂരിയച്ചൻ ആൽത്തറയ്ക്ക് സമീപത്തായിരുന്നു അനു വട്ടത്തറയുടെ വഴിയോരക്കച്ചവടം. സഹായിയായി ഓട്ടോറിക്ഷ ഡ്രൈവറുമുണ്ടായിരുന്നു. രണ്ടാഴ്ചയിലധികം വില്പനയിലൂടെ ലഭിച്ച ലാഭത്തിൽ നിന്ന് 5,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തുക പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് കൈമാറി. മുൻ നഗരസഭ കൗൺസിലറായ അനു വട്ടത്തറ പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖോയോഗം പ്രസിഡന്റാണ്.