കൊച്ചി:ഡെങ്കിപ്പനി മുൻകരുതൽ നടപടികളുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ 63ാം ഡിവിഷനായ ഗാന്ധിനഗറിൽ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡിവിഷൻ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ഡോ. പൂർണിമ നാരായന്റെ ആവശ്യപ്രകാരം ഗാന്ധിനഗർ അഗ്‌നിശമന സേനയെത്തിയാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കരിത്തല, ഉദയ, കമ്മട്ടിപ്പാടം എന്നീ മൂന്ന് കോളനികളാണ് ഞായറാഴ്ച ശുചീകരിച്ചത്. ഇ.ഡബ്ല്യു.എസ് നോർത്ത്, സൗത്ത് ഭാഗങ്ങൾ ബുധനാഴ്ച ശുചീകരിക്കും. കഴിഞ്ഞ വർഷം ഗാന്ധിനഗർ ഡിവിഷനിൽ നിന്ന് നിരവധി ഡെങ്കികേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്തരമൊരു സ്ഥിതി ഇത്തവണ ഉണ്ടാകാതിരിക്കാനാണ് അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് ഡോ. പൂർണിമ നാരായൻ പറഞ്ഞു.