കൊച്ചി : മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുൻ കപ്യാർ മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിക്ക് (62) വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. 2018 മാർച്ച് ഒന്നിന് കുരിശുമുടി കാനനപാതയിലെ ആറാം സ്ഥാനത്തുവെച്ചാണ് ഫാ. സേവ്യർ തേലക്കാട്ടിനെ ജോണി കുത്തിവീഴ്ത്തിയത്.
മദ്യപാനശീലമുള്ള ജോണിയെ കപ്യാരുപണിയിൽ നിന്ന് പറഞ്ഞുവിട്ടതിലുള്ള വൈരാഗ്യം നിമിത്തം ഫാ. സേവ്യറിനെ ആക്രമിച്ചെന്നാണ് കേസ്. സേവ്യറിനെ കൊലപ്പെടുത്താനായി മലയാറ്റൂർ താഴ്‌വാരത്തെ തീർത്ഥാടക വിശ്രമ കേന്ദ്രത്തിൽ നിന്ന് നാരങ്ങ മുറിക്കുന്ന കത്തി ആരും കാണാതെ കൈക്കലാക്കിയ ജോണി തുടർന്ന് മല കയറി. ഇൗ സമയം മലയിറങ്ങി വന്ന ഫാ. സേവ്യറിനെ തടഞ്ഞുനിറുത്തി തനിക്കു കപ്യാരുടെ ജോലി തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. മലയടിവാരത്തെ ഒാഫീസിലിരുന്ന് ഇക്കാര്യം സംസാരിക്കാമെന്നു പറഞ്ഞ് നടക്കാൻ തുടങ്ങിയ ഫാ. സേവ്യറിനെ ജോണി തുടയിൽ കുത്തിവീഴ്‌ത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. രക്തക്കുഴൽ മുറിഞ്ഞ് രക്തം വാർന്നുപോയതോടെ കുഴഞ്ഞുവീണ ഫാ. സേവ്യറിനെ ഒാടിക്കൂടിയവർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പിന്നീട് ഫാ. സേവ്യറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ ജോണിയെ മലയാറ്റൂർ കാട്ടിൽനിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. സംഭവത്തിൽ ജോണിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞെന്നു വിലയിരുത്തിയ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. 39 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകളും 24 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. കാലടി സി.ഐ സജി മാർക്കോസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.