treasury

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ബില്ലുകൾ ട്രഷറികൾ ഇന്നലെ മാറിനൽകിയില്ല. 30 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിടിക്കുന്നത് സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങൾ മൂലമാണിത്. ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസനിധി വിഹിതം പിടിച്ചശേഷം നൽകി.

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒപ്പം ജനപ്രതിനിധികളുടെ ഓണറേറിയത്തിന്റെ 30 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആദ്യ ഉത്തരവിൽ ഇതു വ്യക്തമാക്കിയിരുന്നു. ഓർഡിനൻസിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവിഹിതം പിടിക്കാൻ പറയുന്നുണ്ടെങ്കിലും ജനപ്രതിനിധികളുടെ ഓണറേറിയം സംബന്ധിച്ച് പരാമർശമില്ല.

ഉദ്യോഗസ്ഥരുടെ ദുരിതാശ്വാസനിധി വിഹിതം പിടിച്ച് ശമ്പളബില്ലും ജനപ്രതിനിധികളുടെ ഓണറേറിയം പിടിക്കാതെയുമാണ് ഇന്നലെ തദ്ദേശ സ്ഥാപനങ്ങൾ ട്രഷറികളിൽ ബില്ലുകൾ നൽകിയത്. ഇതുപ്രകാരം ചെക്കുകളും നൽകി. ഓണറേറിയം നൽകാനാകില്ലെന്ന് ട്രഷറികളിൽ നിന്ന് ഉച്ചയ്ക്കുശേഷം തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചു. ഓർഡിനൻസിൽ ഓണറേറിയം പിടിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ മറുപടി നൽകി. പിടിക്കാൻ ഉത്തരവുണ്ടെങ്കിൽ കൈമാറണമെന്നും ആവശ്യപ്പെട്ടു. ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ വാക്കാൽ അറിയിച്ചിട്ടുണ്ടെന്നാണ് ട്രഷറി അധികൃതർ അറിയിച്ചത്.