# രണ്ടുദിവസം ജില്ലയിൽ പൊലിഞ്ഞത് ആറു ജീവൻ
ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് ഒഴിവായ വാഹനാപകടങ്ങൾ വീണ്ടും വർദ്ധിക്കുന്നു. ലോക്ക് ഡൗൺ ഇളവുകളിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങിയതാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജില്ലയിൽ മാത്രം രണ്ട് അപകടങ്ങളിലായി ആറ് പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്.
മൂവാറ്റുപുഴ മേക്കടമ്പിൽ ഞായറാഴ്ച രാത്രിയോടെയുണ്ടായ അപകടത്തിൽ സിനിമാതാരം ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. 24 മണിക്കൂർ പോലും തികയുന്നതിന് മുമ്പാണ് ആലുവയിൽ കാറിടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞത്. ലോക്ക് ഡൗണിലെ ഇളവിൽ ചെറുവാഹനങ്ങളെല്ലാം പായുകയാണ്. ഇന്നലെ മുട്ടത്തുണ്ടായ അപകടവും അമിത വേഗതയെത്തുടർന്നാണ്. ഇടപ്പള്ളി ചേരാനല്ലൂരിൽ താമസിക്കുന്ന ഇടുക്കി തൊടുപുഴ ഈട്ടിത്തോപ്പ് പുന്നക്കൽ വീട്ടിൽ രഘുനാഥ് ദാമോദരൻ ഓടിച്ച കാറാണ് മുട്ടത്തെ കുരുതിക്കളമാക്കിയത്.
അങ്കമാലിയിൽ കറിപൗഡർ പാക്കിംഗ് യൂണിറ്റ് നടത്തുന്ന രഘുനാഥ് സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളും ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പലരും ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ ആളുകൾ പുറത്തിറങ്ങാവൂ എന്നാണ് ആരോഗ്യവകുപ്പും പൊലീസും പറയുന്നത്.