കൊച്ചി: ലോക്ക് ഡൗൺ നിബന്ധനകളിൽ ഇളവുകൾ നൽകിയതോടെ നഗരവും നാടും സാധാരണ നിലയിലേക്ക്. കൊച്ചിയിൽ ഉൾപ്പെടെ ഇന്നലെ ധാരാളം പേർ പൊതുജീവിതത്തിലേക്കിറങ്ങി. മാസ്ക് ഉൾപ്പെടെ സുരക്ഷാ മുൻകരുതലുകൾ ഉറപ്പിക്കാൻ പൊലീസും കർശന പരിശോധന നടത്തി.

ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിന് ഇന്നലെ തുടക്കമായെങ്കിലും ജനങ്ങൾ കൂടുതലായി ജില്ലയിലെമ്പാടും പുറത്തിറങ്ങി. റോഡുകളിൽ പതിവിലേറെ വാഹനങ്ങളുമെത്തി. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി നിരത്തിൽ ഇറങ്ങിയത്. തിരക്ക് വർദ്ധിച്ചതോടെ നഗരത്തിലെ സിഗ്നലുകൾ പ്രവർത്തിപ്പിച്ചു.

അതിർത്തിയായ അരൂരിൽ ആലപ്പുഴയിൽ നിന്ന് ജില്ലയിലേക്ക് കടക്കാൻ വൻവാഹന നിരയാണ് രാവിലെ മുതൽ ദേശീയപാതയിൽ കണ്ടത്. ഓരോ വാഹനങ്ങളും പരിശോധിച്ച് അനുമതിയും രേഖകകളുമുണ്ടെന്ന് ഉറപ്പാക്കിയാണ് കടത്തിവിട്ടത്. ഇതുമൂലം ദീർഘനേരം വാഹനങ്ങൾക്ക് റോഡിൽ കിടക്കേണ്ടിവന്നു.

എറണാകുളത്ത് ബ്രോഡ്‌വേ ഉൾപ്പെടെ പ്രധാന വ്യാപാരകേന്ദ്രങ്ങൾ തുറന്നു. ഉച്ചയോടെ തിരക്ക് രൂക്ഷമായി. തുടർന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് തിരക്കുവർദ്ധിച്ച കടകൾ അടപ്പിച്ചു.

സർക്കാർ ഓഫീസുകളിൽ സർക്കാർ നിർദ്ദേശിച്ച പ്രകാരം ജീവനക്കാർ ജോലിക്ക് എത്തിത്തുടങ്ങി. ജില്ലാ ആസ്ഥാനമായ കാക്കനാട്ടും കണയന്നൂർ താലൂക്ക് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലും ഹാജർനില വർദ്ധിച്ചു.