beverages-set
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: സംസ്ഥാന സർക്കാർ മദ്യ വിലയിൽ 25 ശതമാനം വർധനവ് വരുത്തിയിട്ടും ആന്ധ്രയിലെ മദ്യവിൽപ്പനശാലകൾക്ക് പുറത്ത് മദ്യപന്മാരുടെ നീണ്ട നിര. ഗുണ്ടൂർ ജില്ലയിൽ പലരും മാസ്ക് ധരിക്കാത്തതും നിർബന്ധിത സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചും മദ്യം വാങ്ങാൻ നീണ്ട നിരയായിരുന്നു. ഒരു സമയം ഒരു കടയിൽ അഞ്ച് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂവെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടും പാലിക്കപ്പെട്ടില്ല. ചിറ്റൂരിലും സ്ഥിതി സമാനമായിരുന്നു. അവിടെ ആളുകൾ സാമൂഹിക അകലം പാലിക്കാതെ തിക്കും തിരക്കിയുമാണ് വരികളിൽ നിന്നത്.

. മാർച്ച് 25 ന് കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൂട്ടിയിട്ട മദ്യശാലകൾ ഇന്നാണ് തുറന്നത്. . ആളുകളെ ലഹരിപാനീയങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനായി സർക്കാർ പുതിയ "നിരോധന നികുതി" ഏർപ്പെടുത്തിയിട്ടും ആവശ്യക്കാർ ഏറെയായിരുന്നു. നിലവിലുള്ള വിലയുടെ 25 ശതമാനം വരെ വർദ്ധനവാകാമെന്ന് വ്യവസായ വാണിജ്യ സ്‌പെഷ്യൽ ചീഫ് സെക്രട്ടറി രജത് ഭാർഗവ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

ആന്ധപ്രദേശ് ബിവറേജസ് കോർപ്പറേഷൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ അടക്കം ആന്ധ്രാപ്രദേശിലെ മുഴുവൻ മദ്യവ്യാപാരവും നിലവിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ്. കൊവിഡ് -19 കണ്ടെൻമെന്റ് സോണുകളും ക്ലസ്റ്ററുകളും ഒഴികെ എല്ലാ മദ്യവിൽപ്പന ശാലകളും രാവിലെ 11 മുതൽ രാത്രി 7 വരെ സംസ്ഥാനത്ത് തുറക്കാനാണ് ആന്ധ്ര സർക്കാർ തീരുമാനം.