എറണാകുളം സൗത്തിൽ പൊലീസ് റൂട്ട് മാർച്ച്
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചു. എറണാകുളം ബ്രോഡ് വേ, മാർക്കറ്റ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഇന്നലെ തുറന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെയെത്തുന്നത് ഒഴിവാക്കാൻ പൊലീസ് റൂട്ട് മാർച്ച് നടത്തി.
രാവിലെ പത്തോടെ കടകളിലേക്ക് നൂറുകണക്കിന് ആളുകളുമെത്തിയതോടെ പൊലീസ് രംഗത്തെത്തുകയായിരുന്നു. അസി.കമ്മിഷണർ കെ. ലാൽജി, സെൻട്രൽ സി.ഐ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് കടകളടപ്പിച്ചത്. സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്തതിനാൽ കളക്ടറുടെ നിർദേശ പ്രകാരമാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്. പൊലീസ് വാഹനത്തിൽ അനൗൺസ്‌മെന്റിലൂടെയാണ് അറിയിപ്പ് നൽകിയത്. പച്ചക്കറി, പലവ്യഞ്ജന കടകളും മരുന്ന് ശാലകളും തുറന്നു. ജില്ലയെ ഗ്രീൻ സോണായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥാപനങ്ങൾ തുറക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടെന്ന് കെ. ലാൽജി പറഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നതിനായി പൊലീസ് സ്റ്റേഷനിലേക്കും അല്ലാതെയും കൂട്ടം കൂടി എത്തുന്നത് തടയുന്നതിനായി എറണാകുളം സൗത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി.
ക്രൈം റെക്കാഡ്സ് ബ്യൂറോ അസി.കമ്മിഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ സൗത്ത് സ്റ്റേഷനിൽ നിന്നാരംഭിച്ച മാർച്ച് തേവര ഫെറിയിലെത്തി മടങ്ങി. ഹിന്ദിയിൽ മൈക്ക് അനൗൺമെന്റും നടത്തി.