ആലുവ: ചൂർണിക്കരയിൽ പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയുടെ പ്രഥമയോഗം അൻവർസാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. അടിയന്തര വാർഡുതല മോണിറ്ററിംഗ് യോഗങ്ങളും നടന്നു.
ജില്ലയിലെ പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന്റെ കേന്ദ്രങ്ങളിലൊന്നായ എസ്.സി.എം.എസ് കോളേജ് കമ്മിറ്റി സന്ദർശിച്ചു. ഹോസ്റ്റലിലെ 66 മുറികളാണ് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. ഭക്ഷണവും വൈഫൈ സൗകര്യവും ഇവർക്കായി കോളേജ് അധികൃതർ ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. ഭക്ഷണം മുറികളിൽ എത്തിക്കുന്നത് പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരാണ്. കുടുംബമായി എത്തുന്നവർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ നാല് കിടക്കക്കളുണ്ട്.
മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു പുത്തനങ്ങാടി, എ.പി. ഉദയകുമാർ, വൈസ് പ്രസിഡന്റ് ബീന അലി, സ്ഥിരംസമിതി ചെയർമാൻമാരായ സതീഷ്‌കുമാർ, മനോജ് പട്ടാട്, പഞ്ചായത്ത് സെക്രട്ടറി എ.വി. ഷാജി, ഡോ. ഷേർളി ജോർജ്, വില്ലേജ് ഓഫീസർ ആർ. ശശിലേഖ തുടങ്ങിയവർ സംബന്ധിച്ചു.