വിജയവാഡ: നാൽപതു ദിവസത്തെ ലോക്ക് ഡൗണിനുശേഷം മദ്യവിൽപ്പനശാലകൾ വീണ്ടും തുറന്ന ആദ്യ ദിവസം തന്നെ ആന്ധ്ര സർക്കാർ 40 കോടി രൂപയുടെ മദ്യ വിൽപ്പന നടത്തി. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ തിങ്കളാഴ്ച നീണ്ട നിരയും വൻ ജനാവലിയുമായിരുന്നു. പലയിടത്തും ശാരീരിക ദൂര മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടാണ് ആളുകൾ നിര നിന്നിരുന്നത്. അന്ധ്രായിൽ കണ്ടെയ്‌നർ ക്ലസ്റ്ററുകളൊഴികെ എല്ലായിടത്തും ഷോപ്പുകൾ തുറക്കാൻ അനുവദിക്കുകയായിരുന്നു. ലോക്ക്ഡൗ ൺ സംബന്ധിച്ച ഇളവ് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മദ്യവിൽപ്പനശാലകൾ തുറന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള എപി സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന മൊത്തം 3,468 റീട്ടെയിൽ മദ്യവിൽപ്പന ശാലകളിൽ 2,345 എണ്ണം വിവിധ ജില്ലകളിൽ തുറന്നിട്ടുണ്ട്. കൊവിഡ് വൈറസ് ഹോട്ട്‌സ്പോട്ട് ജില്ലകളായ കർനൂൾ, ഗുണ്ടൂർ, കൃഷ്ണ എന്നിവിടങ്ങളിൽ പോലും നൂറുകണക്കിന് ആളുകൾ മദ്യം വാങ്ങാൻ എത്തി. സർക്കാർ മദ്യ നികുതി 25 ശതമാനം ഉയർത്തിയിട്ടും ആളുകളെ നിയന്ത്രിക്കാനായില്ല. കൊവിഡ് -19 ലോക്ക്ഡൗൺ കാരണം മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം നിലച്ച സ്ഥിതിയാണ്.
എന്നാൽ 40 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് ലഭിച്ച ഏറ്റവും വലിയ വരുമാനമാണ് 40 കോടി രൂപയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സാധാരണ ദിവസങ്ങളിൽ ദിവസേന ശരാശരി 65 കോടി രൂപയായിരുന്നു മദ്യ വിൽപ്പന. കുറഞ്ഞ കടകൾ തുറന്നതിനാൽ ഇന്ന് വിൽപ്പന വീണ്ടും വർദ്ധിക്കുമെന്നു എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യവില 25 ശതമാനം വർധിപ്പിച്ചാൽ പ്രതിവർഷം 4,500 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ നടത്തുന്ന മദ്യവിൽപ്പന ശാലകളിലെ കമ്പ്യൂട്ടറുകളിലെ സാങ്കേതിക തകരാറുകൾ വിൽപ്പനയിൽ അസാധാരണമായ കാലതാമസത്തിന് കാരണമായി. അതിർത്തി ജില്ലകളായ ചിറ്റൂർ, എസ്പിഎസ് നെല്ലൂർ, ഈസ്റ്റ് ഗോദാവരി, കൃഷ്ണ എന്നിവിടങ്ങളിൽ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ വാങ്ങാൻ എത്തിയിരുന്നു.
കിഴക്കൻ ഗോദാവരി ജില്ലയിലെ യെതപകയിൽ, തെലങ്കാനയിൽ നിന്നുള്ളവർ മദ്യം വാങ്ങാൻ എത്തി. ചിറ്റൂർ ജില്ലയിലെ പാലസമുദ്രത്തിൽ, തമിഴ്‌നാട്ടിൽ നിന്നുള്ളവർ മദ്യം വാങ്ങാൻ കൂട്ടമായി എത്തിയതോടെ തമിഴ്‌നാട് അധികൃതരുടെ നിർദേശപ്രകാരം ആന്ധ്രാപ്രദേശ് അധികൃതർ മദ്യവിൽപ്പന താൽക്കാലികമായി നിർത്തിവച്ചു. തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള എസ്പിഎസ് നെല്ലൂർ ജില്ലയിലെ ടഡാ പ്രദേശത്തുനിന്നും സമാന സ്ഥിതിയായിരുന്നു. ആൾക്കൂട്ടം വളരെയധികം വർദ്ധിച്ചതിനാൽ രണ്ട് സ്ഥലങ്ങളിൽ വിൽപ്പന താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നു. എക്സൈസ് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ 3,500 കടകളിൽ 313 എണ്ണം മാത്രമാണ് വിവിധ ജില്ലകളിൽ ഉച്ചവരെ തുറന്നത്. ചില ജില്ലകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മദ്യവിൽപ്പനശാലകൾ തുറന്നു.