കൊച്ചി: ആശങ്കകൾക്ക് പരിസമാപ്‌തി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശത്തുള്ള പ്രവാസികളെ തിരികെ എത്തിക്കുന്നതിന് കേന്ദ്രം പച്ചക്കൊടി വീശിയതോടെ, ആദ്യ ദിവസം കൊച്ചിയിലേക്ക് പറന്നിറങ്ങുന്നത് രണ്ട് വിമാനങ്ങൾ. അബുദാബി, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക വിമാനങ്ങൾ കൊച്ചിയിൽ എത്തുന്നത്. രണ്ടാം ദിവസം മനാമ നിന്നും മൂന്നാം ദിവസം മസ്കറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നും വിമാനം നെടുമ്പാശേരിൽ പറന്നിറങ്ങും. തുടർന്നുള്ള ദിവസങ്ങളിലും കൊച്ചിയിലേക്ക് പ്രത്യേക വിമാനം സർവീസ് നടത്തുന്നുണ്ട്. പതിനായിരത്തിലധികം പ്രവാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കൊച്ചയിൽ എത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിനടക്കം സംവിധാനങ്ങൾ ജില്ലാ ഭരണകൂടം നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ 6,500 ലധികം വീടുകളാണ് ക്വാറന്റൈൻ ചെയ്യാൻ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിൽ1,823 അപ്പാർട്‌മെന്റുകളും 109 വീടുകളുമാണ് ഈ പട്ടികയിലുള്ളത്. 21000 ഓളം പേരാണ് മുൻസിപ്പാലിറ്റി പരിധിയിൽ വിദേശത്ത് നിന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കണ്ടെത്തിയ വീടുകളുടെ പട്ടിക പ്രത്യേകമായി സൂക്ഷിക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകിയിട്ടുള്ളത്. 4,701 വീടുകളാണ് ജില്ലയിലെ പഞ്ചായത്തുകളിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമേ കൂടുതൽ താമസ സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.
വിമാനത്താവളത്തിവും കൊച്ചി പോർട്ടിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക ടീം തന്നെ ഉണ്ടായിരിക്കും. പരിശോധന പൂർത്തിയാക്കിയ ശേഷം ഓരോ പ്രവാസികളെയും ക്വാറന്റൈൻ ചെയ്യാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. എന്നാൽ, രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇക്കാര്യത്തിൽ ഒരു വ്യക്തത വരേണ്ടതുണ്ട്. മുഖ്യമന്ത്രി വിളിച്ചിട്ടുള്ള യോഗത്തിൽ ഇതിൽ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് എറണാകുളം ജില്ലയിലേക്ക് യാത്ര ചെയ്യാനായി 405 പേർക്ക് പാസ് അനുവദിച്ചിട്ടുണ്ട്. ഇതിൽ 132 പേർക്ക് ഇന്ന് യാത്ര ചെയ്യാനാണ് അനുമതി നൽകിയത്. ഇതിൽ 32 പേർ മാത്രമാണ് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ചെക്ക് പോസ്റ്റ് കടന്നത്. 272 പേർക്ക് ഇന്ന് യാത്ര ചെയ്യാനുള്ള പാസ് നൽകിയിട്ടുള്ളത്.