കൊച്ചി: കൊവിഡ് വരുത്തിയ പ്രതിസന്ധിക്ക് പുറമെ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന കൂടിയായപ്പോൾ നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലായെന്ന് കൊച്ചി കോർപ്പറേഷൻ കോൺട്രാക്ടേഴ്സ് ഫോറം പറഞ്ഞു. മെറ്റൽപ്പൊടിക്ക് ഒരടിക്ക് 42 രൂപയിൽ നിന്ന് 52 രൂപയായി വില വർദ്ധിച്ചു.സിമന്റ് വില 370 ൽ നിന്ന് 420 രൂപയായി. മെറ്റലിനും കമ്പിക്കും അടിക്കടി വില ഉയരുകയാണ്.
കഴിഞ്ഞ രണ്ടുവർഷത്തെ റോഡുപണി ഉൾപ്പെടെയുള്ള പ്രവൃത്തികളുടെ തുക കോർപ്പറേഷനിൽ നിന്ന് ലഭിക്കാനുണ്ട്. ജനകീയാസൂത്രണ പദ്ധതികളുടെയും ഓപ്പറേഷൻ ബ്രേക്‌ത്രൂവിന്റെയും തനത് ഫണ്ടിന്റെയും ഭാഗമായി ചെയ്ത ജോലികളുടെ കൂലിയും കുടിശികയായതോടെ കരാറുകാരിൽ ഭൂരിഭാഗവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ നിർമ്മാണ വസ്തുക്കളുടെ വില വർദ്ധന തടയുന്നതിനായി സർക്കാർ ഇടപെടണമെന്ന് കോൺട്രാക്‌ടേഴ്സ് ഫോറം പ്രസിഡന്റ് കുമ്പളം രവിയും രക്ഷാധികാരി വേണു കറുകപ്പള്ളിയും ആവശ്യപ്പെട്ടു.