oil-price

ഡൽഹി: മദ്യത്തിന് കൊവിഡ് ഫീ ഏർപ്പെടുത്തിയതിന് പിന്നാലെ, പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച് ഡൽഹി സർക്കാർ.ഡീസൽ വില ലിറ്ററിന് 7.1 രൂപയും പെട്രോളിന് 1.67 രൂപയുമാണ് കൂട്ടിയത്. പെട്രോളിന്റെ വാറ്റ് 27 ശതമാനത്തിൽ നിന്ന് 30 ശതമാനമായും ഡീസലിന്റെ വാറ്റ് 16.75 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഇരട്ടിപ്പിക്കുകയും ചെയ്തു.

കൊവിഡ് 19 നെ തുടർന്ന് സമ്പദ് വ്യവസ്ഥയിൽ വന്ന തകർച്ച മറികടക്കാനും വരുമാനം കൂട്ടാനുമാണ് സർക്കാരിന്റെ ഈ നീക്കമെന്നാണ് റിപ്പോർട്ട്. ഇന്നലെ മദ്യ വിലയിലും വലിയ തോതിലുള്ള വർദ്ധനവ് സർക്കാർ വരുത്തിയിരുന്നു. 'കൊറോണ ഫീ' എന്ന പേരിൽ 70 ശതമാനം വർദ്ധനവാണ് മദ്യത്തിന്റെ നികുതിയിൽ വരുത്തിയത്.

മദ്യ ഷോപ്പുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം 6.30 വരെ തുറക്കാൻ അനുവദിക്കണമെന്ന് തിങ്കളാഴ്ച അർദ്ധരാത്രി പുറപ്പെടുവിച്ച ഉത്തരവിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.