കൊച്ചി: കൊവിഡിന് ശേഷം വ്യാവസായിക മേഖലയും മാറുമെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ നടത്തിയ വെബിനാറിൽ 'കോവിഡിന് ശേഷം കേരളത്തിലെ വ്യാവസായിക രംഗത്തിന്റെ പ്രതിസന്ധികളും സാദ്ധ്യതകളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊവിഡിനെ പ്രതിരോധിക്കാനുള്ള രീതി സ്വീകരിച്ചതാണ് ലോകത്തിന് കേരളം മാതൃകയായത്. ഇതേ നടപടികൾ തന്നെയാണ് വ്യവസായ മേഖലയിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ബിസിനസ് രംഗം ഉണരാൻ കുറച്ചുകാലം പിടിച്ചേക്കാം. അത്രയുംകാലം ബിസിനസ് നടത്താതിരിക്കാനോ സാമ്പത്തികമായ പ്രതിസന്ധികളിലേക്ക് പോകാനോ സാധിക്കുകയില്ല.
കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിദേശമലയാളികൾ ജോലി നഷ്ടപ്പെടാതെ സൂക്ഷിക്കണം. ജോലി നഷ്ടപ്പെട്ട് വരുന്നവർക്ക് പുതിയ പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നുണ്ട്. ഭാവിയിൽ വരാനിരിക്കുന്ന അവസ്ഥയെ മറികടക്കാനും കേരളാ മോഡൽ സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. കേരളം വ്യാവസായിക സൗഹാർദ്ദമല്ലെന്നും തൊഴിൽ സമരങ്ങളുമാണെന്ന പ്രചാരണം മാറി. വിദേശത്തുനിന്നു വരുന്നവരുടെ അനുഭവ പരിജ്ഞാനവും വൈദഗ്ദ്ധ്യവും സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ. ഹരികുമാർ മോഡറേറ്ററായിരുന്നു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, സെക്രട്ടറി ബിബു പുന്നൂരാൻ, മുൻ പ്രസിഡന്റും പ്രോഗ്രാം ചെയറുമായ എസ്. രാജ്‌മോഹൻ നായർ, ആർ മാധവ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.