bill

ബംഗളൂരു : ഇത് കുടിക്കാനാണോ, അതോ കുളിക്കാനോ ! ലോക്ക് ഡൗണിന് ശേഷം മദ്യശാല തുറന്നത് ആഘോഷമാക്കി കുടിയന്മാർ. എന്നാൽ, കർണാടക സ്വദേശിയായ വിരുതൻ വാങ്ങിക്കൂട്ടിയ മദ്യത്തിന്റെ ബില്ല് കണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ ഈ ചോദ്യം ആദ്യം ഉയർന്നത്. ഒന്നും രണ്ടുമല്ല, 52,841 രൂപയുടെ മദ്യമാണ് ഇയാൾ വാങ്ങിയത്. ബിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മദ്യഷോപ്പ് ഉടമയും മദ്യം വിറ്റയാളും കുടുങ്ങിയത്.

ഒരാൾക്ക് വിൽക്കാവുന്ന പരിധിയിൽ കൂടുതൽ മദ്യം വിറ്റതിനെതിരെ കർണാടക എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് കേസെടുത്തിരിക്കുകയാണ്. ചില്ലറ വിൽപ്പനശാലകളിൽ ഒരാൾക്ക് 2.6 ലിറ്ററിൽ കൂടുതൽ മദ്യവും 18 ലിറ്ററിൽ കൂടുതൽ ബിയറും വിൽക്കാൻ പാടില്ല. മദ്യഷോപ്പിലെ ബിൽ ശ്രദ്ധയിൽ പെട്ടതോടെയാണ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് കേസെടുത്തത്. ദക്ഷിണ ബെംഗളൂരുവിൽ തവരക്കരെയിലെ വനില സ്പിരിറ്റ് സോണിൽ നിന്നാണ് ഇത്രയും രൂപയ്ക്ക് മദ്യം വാങ്ങിയത്.13.5 ലിറ്റർ വിദേശ മദ്യവും 35 ലിറ്റർ ബിയറുമാണ് ഈ ബിൽ പ്രകാരം വിറ്റിരിക്കുന്നത്.

കേസെടുത്തതോടെ വിശദീകരണവുമായി ഷോപ്പ് ഉടമ എത്തി .എട്ട് പേരാണ് മദ്യം വാങ്ങിച്ചതെന്നും ഒരു ബില്ലിൽ ഇത് ഒരുമിച്ച് രേഖപ്പെടുത്തിയതാണെന്നുമാണ് വിശദീകരണം. എട്ട് പേർ മദ്യം വാങ്ങി ഒരു ഡെബിറ്റ് കാർഡിൽ നിന്ന് പണം നൽകുകയായിരുന്നു. ഇതിന്റെ ബില്ലാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.