കൊച്ചി: ലോക്ക് ഡൗണിന് ശേഷം 10,600 സ്വകാര്യ ബസുകൾ സർവീസ് താത്കാലികമായി നിറുത്തിയാൽ 46,000 ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. സർവീസ് നിറുത്തുന്ന ബസുകളിലെ ജീവനക്കാർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി.
ലോക്ക് ഡൗണിൽ നിറുത്തിയിടേണ്ടിവന്ന ബസുകൾ പുറത്തിറക്കാൻ ഓരോന്നിനും രണ്ടുലക്ഷം രൂപ വേണ്ടിവരുമെന്ന് ബസുടമകൾ പറയുന്നു. പലതിന്റെയും ബോഡി പൊളിഞ്ഞുതുടങ്ങി. ടയറുകൾ മാറ്റേണ്ട സ്ഥിതിയായി. എൻജിൻ തകരാറുകൾക്കും സാദ്ധ്യതയുണ്ട്. സർവീസ് നിറുത്താതെ മാർഗമില്ലെന്നാണ് തൊഴിലാളികളെ ബസുടമകൾ അറിയിച്ചത്.
സ്വകാര്യ ബസുകൾ ഓട്ടംനിറുത്തിയാൽ നികുതിയിനത്തിൽ സർക്കാരിന് പ്രതിദിനം 42 ലക്ഷം രൂപ നഷ്ടമുണ്ടാകും. ഡീസൽ വില്പനയിലൂടെ നികുതിയിനത്തിൽ ലഭിക്കുന്ന തുകയും നഷ്ടമാകും.
ബസ് തൊഴിലാളികളുടെ നിത്യജീവിതം ദുരിതത്തിലാണ്. ക്ഷേമനിധി അംഗങ്ങൾക്ക് അയ്യായിരം രൂപ സഹായം കിട്ടി. ഭൂരിപക്ഷം തൊഴിലാളികളും ക്ഷേമനിധിയിലില്ല. സാമ്പത്തിക പാക്കേജ് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രനും പ്രസിഡന്റ് മനോജ് ഗോപിയും ആവശ്യപ്പെട്ടു