train

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലിക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസും നിരസിച്ചു. ഉച്ചയോടെ ഡി.സി.സി പ്രസിഡന്റ് അടങ്ങുന്ന മൂന്നംഗ സംഘം 10 ലക്ഷം രൂപയുടെ ചെക്കുമായി ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. എന്നാൽ, ചെക്ക് വാങ്ങാൻ കളക്ടർ തയ്യാറായില്ല. സർക്കാർ തലത്തിൽ നിന്നും യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നതാണ് ഇതേക്കുറിച്ച് കളക്ടർ അറിയിച്ചതെന്നാണ് കോൺഗ്രസ് പറയുന്നത്.

ആലപ്പുഴ ഡി.സി.സിയും തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി 10 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ദിവസമാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് ആലപ്പുഴയിലെ മുഴുവൻ തൊഴിലാളികളുടേയും ട്രെയിൻ ടിക്കറ്റ് തുക തങ്ങൾ വഹിക്കാമെന്ന് കോൺഗ്രസ് അറിയിച്ചത്.