കൊച്ചി: കൊവിഡ് ഭീതിയെത്തുടർന്ന് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി റെഡി. നാളെ (വ്യാഴം) മുതൽ 12 ദിവസം കൊണ്ട് 2,150 പേർ വിമാനത്തിലും അഞ്ഞൂറോളം പേർ കപ്പലിലും കൊച്ചിയിലെത്തും. നെടുമ്പാശേരി വിമാനത്താവളത്തിലും തുറമുഖത്തും പരിശോധനകൾക്കും രോഗ ലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കാൻ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടം സജ്ജമാക്കി.
ഗൾഫിൽ നിന്നാണ് ആദ്യ വിമാനങ്ങൾ കൊച്ചിയിലെത്തുക. നാളെ മാത്രം 400 യാത്രക്കാർ അബുദാബി, ദോഹ എന്നിവിടങ്ങളിൽ നിന്നെത്തും. എയർ ഇന്ത്യയാണ് വിമാന സർവീസുകൾ നടത്തുന്നത്. എത്തിച്ചേരുന്ന സമയം വ്യക്തമായിട്ടില്ല.
നാവികസേന കപ്പലുകളാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കുവൈറ്റിൽ നിന്നുള്ള മലയാളികളെയുമായി ഐ.എൻ.എസ് ഷാദുൽ തീരമണയും. തിയതി വ്യക്തമായിട്ടില്ലെങ്കിലും പരിശോധനക്ക് സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി.
മാലിദ്വീപിൽ കഴിയുന്ന സഞ്ചാരികൾ ഉൾപ്പെടെ മുന്നൂറോളം പേരെയും രണ്ടു കപ്പലുകളിൽ കൊണ്ടുവരും.
# ഒരുക്കങ്ങൾ പൂർണം
നെടുമ്പാശേരിയിലും തുറമുഖത്തും എത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ കളക്ടർ എസ്. സുഹാസ് എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. എണ്ണായിരം പേരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കി. ഗ്രാമപഞ്ചായത്തുകളിൽ 2200 ഉം നഗരസഭകളിൽ 2000 ഉം വീതം കുളിമുറികളുള്ള വീടുകൾ സജ്ജമാക്കി.
# സൗകര്യങ്ങൾ ഇങ്ങനെ
സർക്കാർ, സ്വകാര്യ ആശുപത്രികൾ
ഹോസ്റ്റലുകൾ
ഹോട്ടലുകൾ
ലോഡ്‌ജുകൾ
ഹോം സ്റ്റേകൾ
# വിമാനവും യാത്രക്കാരും
മേയ് 7
അബുദാബി : 200
ദോഹ : 200
മേയ് 8
ബഹറൈൻ : 200
മേയ് 9
കുവൈറ്റ് : 200
മസ്കറ്റ് : 250
മേയ് 10
കോലാലമ്പൂർ : 250
മേയ് 11
ദമാം : 200
ദുബായ് : 200
മേയ് 12
കോലാലമ്പൂർ : 250
മേയ് 13
ജെദ്ദ : 200
# വിമാനത്താവളത്തിലെ ഒരുക്കങ്ങൾ
ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും
സാമൂഹ്യ അകലം പാലിക്കും
അണുമുക്തമാക്കാൻ ത്രിമുഖ പദ്ധതി
മോക് ഡ്രില്ലുകളും പരിശോധനകളും നടത്തി
ശരീരോഷ്‌മാവ് പരിശോധിക്കാൻ തെർമ്മൽ സ്കാനറുകൾ, ടെമ്പറേച്ചർ ഗണ്ണുകൾ
തുണിയും സിന്തറ്റിക് വസ്തുക്കളും ഉപയോഗിക്കുന്ന ഫർണിച്ചറുകൾ മാറ്റി പകരം പ്ളാസ്റ്റിക് കസേരകൾ വിന്യസിച്ചു
വിമാനത്താവളത്തിൽ നിന്ന് യാത്രക്ക് ഇരട്ട ചേംബർ ടാക്സി കാറുകൾ