കോലഞ്ചേരി: തെർമ്മൽ സ്കാൻ പരിശോധന മറി​കടക്കാൻ അന്യസംസ്ഥാന തൊഴി​ലാളി​കളുടെ പാരസെറ്റമോൾ പ്രയോഗം. മടക്കയാത്രയിൽ കൊവിഡ് പ്രതിരോധ പരിശോധനയിൽ നിന്ന് രക്ഷ നേടാൻ ഇവർ പാരസെറ്റമോൾ വ്യാപകമായി ഉപയോഗിച്ചതായി സൂചന.

തെർമ്മൽ സ്കാൻ പരിശോധനയ്ക്ക് ശേഷമാണ് യാത്ര അനുമതി​ നൽകുക. പനിയുണ്ടെങ്കി​ൽ പുറത്തുപോകും. ഇതു മുൻകൂട്ടി കണ്ട് തൊഴിലാളികൾ പാരസെറ്റമോൾ അമിതമായി കഴിക്കുന്നുണ്ടെന്നറി​യുന്നു. ഗ്രാമീണ മേഖലകളിലെ മെഡിക്കൽ ഷോപ്പുകളിൽ പാരസെറ്റമോൾ കി​ട്ടാനി​ല്ല.

നിരവധി പേർ കടകളിൽ നിന്നും മൊത്തമായി വാങ്ങിയതായി വിവരം ലഭിച്ചത്. പരിശോധനയ്ക്ക് ഒരു മണിക്കൂർ മുമ്പും, തൊട്ടടുത്ത സമയവും പലരും പനി ഉണ്ടാകുമോ എന്ന ആശങ്കയിൽ മരുന്ന് കഴിച്ചതായാണ് അറിയുന്നത്.

കൊവിഡ് സാധ്യത നി​ശ്ചയി​ക്കാനുള്ള പ്രാഥമി​ക പരിശോധനയാണ് തെർമ്മൽ സ്കാനിംഗ്. ശരീരോഷ്മാവ് 98.7 ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തിയാൽ പനിയുണ്ട്. 99 കടന്നാൽ പരിശോധനയുടെ സ്വഭാവം മാറും. ഇതിൽ നിന്നുമൊഴിവാകാനാണ് പനി ഇല്ലാത്തവരും മുൻകരുതലിന് പാരസെറ്റമോൾ കഴിക്കുന്നത്. എന്നാൽ 100 ഡിഗ്രയ്ക്ക് മുകളിലുള്ളവർ എത്ര ഗുളിക കഴിച്ചിട്ടും കാര്യമില്ല പനി താഴില്ല.

ഡോക്ടറുടെ നിർദ്ദേശമില്ലാതെ അളവിൽ കൂടുതൽ കഴിക്കുന്നത് ഗുരുതര കരൾ പ്രശ്നങ്ങൾക്കിട വരുത്തും. തല ചുറ്റലി​നും ഉറക്കം തൂങ്ങലിനും ഇടയാക്കും. കുറഞ്ഞ ബി.പി യ്ക്ക് കാരണമാകും, ഹൃദായാരോഗ്യത്തിന് ദോഷകരമാണ്. വിശപ്പില്ലായ്മ, അമിത വിയർപ്പ് തുടങ്ങി നിരവധി പാർശ്വ ഫലങ്ങൾക്കിടയാക്കും.

ഡോ. നീതു സുകുമാരൻ, മെഡിക്കൽ ഓഫീസർ, കുറ്റ്യാടി ഗവ. ഹോസ്പിറ്റൽ