rasheedul-islam
റഷീദുൾ ഇസ്ലാം

ആലുവ: നഗരത്തിൽ മൊബൈൽകട കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അസാം ദുഗാവ് സ്വദേശി റഷീദുൾ ഇസ്ലാമാണ് (22) പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ആലുവ റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിന് സമീപം സംശയാസപ്ദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് മോഷണവിവരം അറിഞ്ഞത്.

റെയിൽവേ സ്റ്റേഷന് സമീപമുള്ള മൊബൈൽ ഷോപ്പിന്റെ മേൽക്കൂര മുറിച്ച് കടന്ന് മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചു. കെ.എസ്.ആർ.ടി.സിബസ് സ്റ്റാൻഡിന് സമീപം മറ്റൊരു മൊബൈൽഷോപ്പിലും പമ്പ് കവലക്ക് സമീപമുള്ള പലചരക്ക് കടയിലും കയറി ഹെഡ്‌സെറ്റ്, മെമ്മറി കാർഡ്, ബ്ലൂടൂത്ത്, മൊബൈൽ ഫോണുകൾ, പണം എന്നിവയും മോഷ്ടിച്ചു.

ലോക്ക് ഡൗൺ കാലത്ത് ആലുവയിലെത്തി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒളിച്ച് താമസിച്ച് രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങി മോഷണം നടത്തുകയാണ് ഇയാളുടെ രീതി. റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഒളിപ്പിച്ചുവെച്ചിരുന്ന മോഷണവസ്തുക്കൾ പൊലീസ് കണ്ടെടുത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ സൈജു കെ. പോൾ, സബ് ഇൻസ്പെക്ടർമാരായ പി.കെ. മോഹിത്, ആർ. വിനോദ്, എ.എസ്.ഐ രാജൻ, സോജി, എസ്.സി.പി.ഒ നവാബ്, സജീവ്കുമാർ, സി.പി.ഒ നൗഫൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.