covid-

കൊച്ചി: തമിഴ്‌നാട്ടിൽ നിന്നും മുട്ടയുമായി എത്തി മടങ്ങിയ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച് അവിടെ ചികിത്സയിലായതോടെ എറണാകുളം കൂത്താട്ടുകുളം ഹൈസ്‌കൂൾ ജംഗ്ഷനിലെ മുട്ട വ്യാപാര സ്ഥാപനം ആരോഗ്യവകുപ്പ് അടപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശി ഇവിടെ എത്തി മുട്ട കൈമാറിയിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മുട്ട വ്യാപാരിയോടും ഇയാളുമായി ബന്ധപ്പെട്ടവരോടും ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നല്കിയിട്ടുണ്ട്. മുട്ട വ്യാപാര സ്ഥാപനവും മറ്റും ആരോഗ്യ വകുപ്പ് എത്തി അണുവിമുക്തമാക്കി. വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന നിശ്ചിത സ്ഥലത്തെ റോഡ് താത്കാലികായി അടച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസാണ് തമിഴ്‌നാട്ടിൽ നിന്നും ഇയാൾ ലോറിയുമായി എത്തിയത്. എന്നാൽ, ഈ സമയം ഇയാൾക്ക് യാതൊരു രോഗ ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നാൽ, കൂത്താട്ടുകുളത്ത് നിന്നും കോട്ടയത്ത് എത്തിയപ്പോൾ നേരിയ പനി അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തി പരിശോധന നടത്തി. പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ന് ഫലം വന്നപ്പോഴാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലോറി ഡ്രൈവർ തമിഴ്‌നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളോടൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു. ഇയാളും നിരീക്ഷണത്തിലാണെന്നാണ് വിവരം.