salary

കൊച്ചി : ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാൻ സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
ഒാർഡിനൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ, എൻ.ജി.ഒ സംഘ് തുടങ്ങിയ സർവീസ് സംഘടനകൾ നൽകിയ ഹർജികളിലെ ഇടക്കാല ആവശ്യമാണ് തള്ളിയത്. ഒാർഡിനൻസ് ഇറക്കാൻ സർക്കാരിന് നിയമപരമായ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച്, ഹർജികൾ വിശദമായ വാദത്തിന് ജൂൺ രണ്ടാം വാരത്തിലേക്ക് മാറ്റി.

ശമ്പളം പിടിക്കുകയല്ല, നിലവിലെ അസാധാരണ സാഹചര്യത്തിൽ നിശ്ചിത ശമ്പളം കുറച്ചു കാലത്തേക്ക് വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. കൊവിഡ് ഭീഷണിയെത്തുടർന്നുള്ള അസാധാരണ സാഹചര്യം മറികടക്കാൻ അസാധാരണ നടപടി വേണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി, നിയമ നിർമ്മാണത്തിനുള്ള സർക്കാരിന്റെ അധികാരത്തിൽ ഇടപെടാനാവില്ലെന്നും വ്യക്തമാക്കി. തുക കൊവിഡ് ഭീഷണിയെത്തുടർന്നുള്ള സാഹചര്യം നേരിടാനാണ് ഉപയോഗിക്കുകയെന്ന സർക്കാരിന്റെ വാദം രേഖപ്പെടുത്തി.

ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഏപ്രിൽ 23 ന് സർക്കാർ ഇറക്കിയ ഉത്തരവിന് നിയമപരമായ പിൻബലമില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് ഇതു പരിഹരിച്ച് 30 ന് ഒാർഡിനൻസിറക്കിയത്.

ഹൈക്കോടതി

പറഞ്ഞത്

 കേട്ടുകേൾവി പോലുമില്ലാത്ത സാഹചര്യം മറികടക്കാൻ അസാധാരണ നടപടികൾ വേണം .

 ഒാർഡിനൻസ് ഇറക്കാനുള്ള നിയമ നിർമ്മാണസഭയുടെ അധികാരത്തെ ചോദ്യം ചെയ്യാനാവില്ല.

 പൊതുജനാരോഗ്യം, സാമ്പത്തികം തുടങ്ങിയവ കണക്കിലെടുത്തുള്ള ഒാർഡിനൻസിന്

നീതീകരണമില്ലെന്നു പറയാനാവില്ല.

 തുക തിരിച്ചു നൽകുന്ന കാര്യം ആറു മാസത്തിനുള്ളിൽ പറയുമെന്ന് ഒാർഡിനൻസിലുണ്ട്. ലഭിച്ചില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം.