കൊച്ചി: 2019 ജൂണിൽ ജില്ലയിലെ ഒരു രോഗിക്ക് നിപ്പയെന്ന് സംശയം. മണിപ്പാലിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 48 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് വരുമ്പോഴേയ്ക്കും എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് ഉൾപ്പെടെ എല്ലാം സജ്ജമായിരുന്നു. കൊവിഡ് കാലത്താകട്ടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐസലേഷൻ വാർഡ് സജ്ജമാക്കിയ ആശുപത്രിയെന്ന ഖ്യാതിയാണ് മെഡിക്കൽ കോളേജിനെ തേടിയെത്തിയത്. ഇന്നുമുതൽ കേരളത്തിലെത്തുന്ന പ്രവാസികളിൽ കൊവിഡ് രോഗികളുണ്ടെങ്കിൽ അവരെ പരിശോധിക്കാനും ചികിത്സിക്കാനും ഇവിടം റെഡിയാണ്.
# പുതിയ ഐ.സി.യുവും വാർഡുകളും റെഡി
നിലവിലുള്ള കൊവിഡ് ട്രയാജ് ഒ.പി പൂർണസജ്ജം. 30 പേരെ കിടത്താവുന്ന വ്യക്തിഗത ഐ.സി.യുവിന് പുറമെ 40 പേരെ കിടത്താനുള്ള പുതിയ ഐ.സി.യുവിന്റെ പണി പൂർത്തിയാക്കി. 10 പേരെ കിടത്താവുന്ന പഴയ ഐ.സി.യുവിന് പുറമെയാണിവ. ഗർഭിണികളെയും കുട്ടികളെയും ചികിത്സിക്കാൻ നാലുനിലകളിലായി പുതിയ ഐസൊലേഷൻ വാർഡ് സജ്ജമാക്കി. 40 ഗർഭിണികളെ ഇവിടെ ചികിത്സിക്കാനാകും. 35 വെന്റിലേറ്ററുകളും ഒരുക്കി. 200 രോഗികളെ കിടത്താനുള്ള വാർഡുകൾ സജ്ജീകരിച്ചു. അത്യാധുനികമായ മെഷീനുകൾകൂടി ഉടനെത്തും.
# കൊവിഡ് കാലത്തെ നേട്ടങ്ങൾ
25 രോഗികളിൽ ഒരാൾക്ക് ജീവൻ നഷ്ടമായെങ്കിലും 53 ദിനരാത്രങ്ങൾക്കിടയിൽ 12,000 ഷിഫ്റ്റുകൾ കഴിഞ്ഞിട്ടും ഒരു ആരോഗ്യപ്രവർത്തകനെപ്പോലും രോഗം ബാധിച്ചില്ല. ഞൊടിവേഗത്തിൽ പി.സി.ആർ ടെസ്റ്റുകൾ ആരംഭിക്കുകയും ദിവസം 100 വീതം പരിശോധന നടത്തുകയും ചെയ്യുന്നു. ഇവിടെ തയ്യാറാക്കിയ വിസ്ക് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഉപയോഗിക്കുന്നു. രോഗം ഭേദമായിപ്പോയ വിദേശികൾ ലോകത്തെ നമ്പർ വൺ ചികിത്സയാണ് എറണാകുളം മെഡിക്കൽ കോളേജിലേതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
# നിപ്പയിൽ തുടങ്ങിയ എറണാകുളം മാതൃക
നിപ്പ സമയത്ത് രോഗികൾക്ക് ഐസൊലേഷൻ വാർഡ് തയ്യാറാക്കണമെന്ന ഉന്നതതല നിർദ്ദേശം വന്നപ്പോഴേ നിലവിലുണ്ടായിരുന്ന മുഴുവൻ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി കെട്ടിടം ഒഴിപ്പിച്ചു. സന്നദ്ധപ്രവത്തകരെക്കൊണ്ട് കെട്ടിടം വൃത്തിയാക്കി. ഉപകരണങ്ങൾ സജ്ജമാക്കി. ആൾ ഇന്ത്യ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും നാഷണൽ കൗൺസിൽ ഫോർ ഡിസീസ് കൺട്രോളിലെയും വിദഗ്ദ്ധരുടെ സഹായത്തോടെ വാർഡിന്റെ ഉപയോഗക്ഷമത ഉറപ്പുവരുത്തി. എല്ലാം നടന്നത് 48 മണിക്കൂറിനുള്ളിൽ! ഇത് കൊവിഡ് കാലത്ത് ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നതിലെ എറണാകുളം മോഡൽ എന്ന നിലയിൽ ഇന്ത്യയ്ക്ക് മാതൃകയായി.
# അഞ്ചുവർഷത്തിനകം വലിയമാറ്റം
"അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കേന്ദ്രമാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷ. അതിനുള്ള ഭൗതികസാഹചര്യവും പ്രവർത്തിക്കാൻ തയ്യാറായിട്ടുള്ള ജീവനക്കാരുമുണ്ട്. എത്രയും പെട്ടെന്ന് സൂപ്പർസ്പെഷ്യാലിറ്റി ബ്ളോക്ക് പണിപൂർത്തിയാക്കി ആരംഭിക്കുകയാണ് ലക്ഷ്യം."
ഡോ.ഗണേഷ് മോഹൻ
ആർ.എം.ഒ
എറണാകുളം മെഡിക്കൽ കോളേജ്