കോലഞ്ചേരി: കൊവിഡ് പാശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും റോഡ് അപകടങ്ങളുടെ കാര്യത്തിൽ ഇന്നും അശ്രദ്ധ മാത്രം. സൂക്ഷിച്ചാൽ മരണം പോലും നിയന്ത്റിക്കാൻ പറ്റുമെന്ന് കൊവിഡ് 19 നെതിരെയുള്ള പോരാട്ടം പഠിപ്പിച്ചപ്പോൾ അമിത വേഗത, അശ്രദ്ധ എന്നിവയിൽ പൊലിയുന്ന ജീവനുകളും കൊവിഡ് കാലത്തും കൂടി വരികയാണ്.
കൊവിഡ് ബാധിച്ച ഒരാൾ നമ്മുടെ പരിസരത്ത് ഉണ്ടെന്ന് അറിയുമ്പോഴുള്ള ഭയം, ജാഗ്രത എത്ര മാത്രമാണ് .ഇതേ ജാഗ്രത എന്തു കൊണ്ട് വാഹനം ഓടിക്കുമ്പോൾ ഉണ്ടാകാതെ പോകുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിലെ എറണാകുളത്തെ എം.വി.ഐ അരുൺ സി.ഡൊമിനിക്കിന്റെ ചോദ്യം. ഇതു സംബന്ധിച്ചെഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലായി. റോഡ് അപകടങ്ങൾ വർദ്ധിക്കുവാനുള്ള പ്രധാന കാരണം ജാഗ്രത കുറവാണെന്നുള്ളത് പലരും സൗകര്യ പൂർവം മറക്കുകയാണ്. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ പലരും വേഗം കൂട്ടി വാഹനമോടിക്കുന്നതും പതിവായി.
#24 മണിക്കൂറിനുള്ളിൽ 2 അപകടം
ഇളവുകൾ വന്ന് 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ രണ്ടു വാഹനാപകടങ്ങളിലായി ആറു മരണങ്ങളാണ് സംഭവിച്ചത്. ആലുവ മുട്ടത്തും, വാളകത്തും. അമിത വേഗമാണ് രണ്ടു അപകടങ്ങളുടെയും കാരണം. കഴിഞ്ഞ വർഷം സംസ്‌ഥാനത്തു അപകടങ്ങളിൽ മരണപ്പെട്ടത് 4410 പേർ. കേരളത്തിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ച ജനുവരി 30 മുതൽ ഇന്നലെ വരെയുള്ള 98 ദിവസം കണക്കാക്കിയാൽ കേരളത്തിൽ റോഡ് അപകടത്തിൽ മരണപെട്ടത് 1167 പേരാണ്.
കൊവിഡ് മരണം ഒഴിവാക്കാൻ മാസ്‌ക് ധരിക്കുന്നു,കൈകഴുകുന്നു. വാഹനം ഓടിക്കുമ്പോൾ നിയന്ത്റിത വേഗത്തിൽ നിയമങ്ങൾ പാലിയ്ക്കാൻ കൊവിഡ് പ്രതിരോധത്തിലും പഠിച്ചില്ല. അലക്ഷ്യമായി നടക്കുന്ന ഒരു കാെവിഡ് ബാധിതനോടുള്ള സമൂഹത്തിന്റെ പ്രതികരണം രൂക്ഷമാണ് എന്നാൽ അലക്ഷ്യമായി വാഹനം ഓടിക്കുന്ന ഒരാളോട് ഇതേ സമൂഹം പ്രതികരിക്കുന്നുമില്ല.