കൊച്ചി: പനമ്പിള്ളിനഗർ മഹാത്മാ കോളനി നിവാസികളെ വെള്ളക്കെട്ടിലാക്കി ദുരിതത്തിലാക്കുന്ന കോയിത്തറ കനാൽ ആഴംകൂട്ടി നവീകരിക്കുന്ന പദ്ധതി ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. രണ്ടു പ്രളയത്തിലും വെള്ളത്തിൽ മുങ്ങിയ കോളനി നിവാസികൾ ബി.ഡി.ജെ.എസ് നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെയാണ് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ തീരുമാനം.കോളനി നിവാസികൾ അനുഭവിക്കുന്ന ദുരിതം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്‌റ്റേഷൻ നിർമ്മാണത്തോടെ അടഞ്ഞ് പോയ കാരണക്കോടം ചങ്ങാടംപോക്ക് തോട് വീണ്ടും ബന്ധിപ്പിക്കാൻ കെ.എം.ആർ.എല്ലിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മഴയ്ക്ക് മുൻപ് പ്രവൃത്തികൾ പൂർത്തികരിക്കണം. പ്രധാന റോഡിന് ഇരുവശങ്ങളിലെയും കാനകളുടെ നിർമ്മാണ അപാകതകൾ പരിഹരിക്കാൻ കൊച്ചി കോർപ്പറേഷനെയും കെ.എം.ആർ.എല്ലിനെയും ചുമതലപ്പെടുത്തി. ബ്രേക്ക് ത്രൂ പദ്ധതികൾ എറണാകുളം മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് നടപ്പിക്കുക.

#രണ്ടാംഘട്ടം ഉടൻ ആരംഭിക്കും

രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. ലോക്ക് ഡൗൺ മൂലം പ്രവൃത്തി ദിവസങ്ങൾ നഷ്ടമായതിനാൽ മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമാണ് നടപ്പിലാക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.തേവര കനാൽ കായൽ മുഖം, പേരണ്ടൂർ കായൽമുഖം, ചിലവന്നൂർ ബണ്ട് റോഡ് തടസങ്ങൾ, ചിലവന്നൂർ കായൽ, കാരണക്കോടംതോട്, ചങ്ങാടംപോക്ക്, അടിമുറി തോട് എന്നിവയും നവീകരിക്കും. ബൈപ്പാസ് റോഡ്, റെയിൽവേ കൾവെർട്ട് എന്നിവിടങ്ങളിലെ തടസങ്ങളും നീക്കും.