പള്ളുരുത്തി: ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് മുഷിഞ്ഞ എൺപതുകാരൻ സുധീന്ദ്രൻ ശ്രീനാരായണ ഗുരുദേവന്റെ മനോഹര പ്രതിമ തീർത്തു. പുല്ലാർദേശം റോഡിൽ പുത്തൻവീട്ടിൽ സുധീന്ദ്രൻ ഇടപ്പള്ളി മോഡേൺ ബ്രഡ് കമ്പനിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലാണ്. ഇതിനിടെയാണ് പ്ളാസ്റ്റർ ഒഫ് പാരീസ്, മൾട്ടി വുഡ് എന്നിവയിൽ പരീക്ഷണം നടത്തിയത്. ഗുരുദേവപ്രതിമ കൂടാതെ ചുമരിൽ തൂക്കുന്ന കഥകളി ചിത്രം, പൂക്കൾ തുടങ്ങി നിരവധി സൃഷ്ടികൾ സുധീന്ദ്രന്റെ വിരലുകളാൽ വിരിഞ്ഞു. ലോക്ക് ഡൗൺ തീരും വരെ ഇനിയും പുതിയ പുതിയ രൂപങ്ങൾ പ്ളാസ്റ്റർ ഒഫ് പാരീസിലും മൾട്ടിവുഡിലും ഒരുക്കുമെന്ന തീരുമാനത്തിലാണ് ഇദ്ദേഹം. ചുറ്റും ലൈറ്റുകളാൽ അലങ്കാര പ്രഭ ചൊരിയുന്ന ഒരു ഗുരുദേവ പ്രതിമ ശ്രീഭവാനീശ്വര ക്ഷേത്രത്തിലേക്ക് നൽകി. ഭാര്യ സുലോചനയും സുധീന്ദ്രന് തുണയായി ഉണ്ട്. ശ്രീരാജ്, രാജശ്രീ എന്നിവർ മക്കളാണ്.