ചെന്നൈ: ഗ്രേറ്റർ ചെന്നൈ നഗരപരിധിയിലെ ടാസ്മാക് മദ്യവിൽപ്പന ശാലകൾ മെയ് 7 ന് തുറക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. തുറക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. കൊവിഡ് -19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യവിൽപ്പനശാലകൾ വീണ്ടും തുറക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വ്യാപകമായി രംഗത്തിനെത്തിയതിനെ തുടർന്നാണ് പ്രഖ്യാപനം.
അന്തർ സംസ്ഥാന അതിർത്തികളിൽ, പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലും കർണാടകയിലും മദ്യവിൽപ്പനശാലകളിൽ തിക്കും തിരക്കും നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മെയ് 7 ന് സംസ്ഥാന സർക്കാർ കടകൾ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചു. കണ്ടെയ്ൻ മെന്റ് സോണുകളിൽ മദ്യക്കടകൾ അനുവദിക്കരുതെന്ന് തീരുമാനിച്ചു. മറ്റിടങ്ങളിൽ ഒരേ സമയം അഞ്ച് ആളുകളിൽ കൂടാത്ത ആറ് അടി സാമൂഹ്യ അകലം പാലിച്ചു രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ തുറക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളും ജനക്കൂട്ടത്തെ ഒഴിവാക്കാൻ അധിക ജീവനക്കാരെ ഉൾപ്പെടുത്തുമെന്നും ഉത്തരവിലുണ്ട്. ടാസ്മാക് ഔട്ട്‌ലെറ്റുകളോട് ചേർന്ന ബാറുകൾ തുറക്കില്ല.