പള്ളുരുത്തി: ഹൃദയ സംബന്ധമായ അസുഖം ബാധിച്ച പെൺകുട്ടി കടലാസിൽ തീർത്ത വസ്തുക്കൾ വില്പന നടത്തി കിട്ടിയ 4350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. ഇടക്കൊച്ചി കുമ്പളം ഫെറി വരിക്കശേരി വീട്ടിൽ അശോകൻ അമ്പിളി ദമ്പതികളുടെ മകളായ അതുല്യയാണ് വേറിട്ട പ്രതിഭയായത്. കഴിഞ്ഞ 35 വർഷമായി മരുന്നുകളുടെ ബലത്തിലാണ് അതുല്യയുടെ ജീവൻ പിടിച്ചു നിൽക്കുന്നത്. ഹൃദയവാൽവിന് ഓപ്പറേഷൻ നടത്തിയതിനാൽ അഞ്ചാം ക്ളാസിൽ പഠനം അവസാനിപ്പിച്ചു. തുടർന്നാണ് പേപ്പറുകളിലും പാഴ് വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങിയത്.പിന്നീട് ഇതു കാണാൻ ആളുകൾ വീട്ടിൽ വന്നു തുടങ്ങി. വരുന്നവർ ഇഷ്ടപ്പെട്ടത് എടുത്ത് അതിന്റെ വിലയും നൽകും. ഇങ്ങനെ സ്വരുക്കൂട്ടി വെച്ച പണമാണ് ദുരിതാശ്വാസ നിധിയിലക്ക് നൽകിയത്. എം.എൽ.എ ജോൺ ഫെർണാണ്ടസിന് തുക കൈമാറി.