കോലഞ്ചേരി: അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം തൊഴിൽ മേഖലയെ പ്രതിസന്ധിയിലാക്കി. പ്ലൈവുഡ് വ്യവസായത്തെയാണ് കൂടുതലായും ബാധിച്ചത്. കെട്ടിടനിർമാണം, റോഡ് ടാറിംഗ്, ഹോട്ടൽ, വർക്ക് ഷോപ്പുകൾ തുടങ്ങി സമസ്ത മേഖലയെയും തൊഴിലെടുക്കാൻ ആളില്ലാത്ത അവസ്ഥയെത്തി.

ലോക്ക് ഡൗൺ തുടങ്ങിയ അന്നു മുതൽ പകുതി ശമ്പളം, സൗജന്യ ഭക്ഷണം, താമസം തുടങ്ങിയവ നല്കിയാണ് പ്ളൈവുഡ് കമ്പനികൾ തൊഴിലാളികളെ നിർത്തിയിരുന്നത്. തിരിച്ചു പോകാൻ അവസരം ലഭിച്ചപ്പോൾ ഇവർ കൂട്ടത്തോടെ നാടുവിട്ടു. ബംഗാൾ, അസം, ഒഡീഷ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനക്കാരാണ് ഇവരിൽ ഏറെയും.


#താളം തെറ്റി പ്ലൈവുഡ് കമ്പനികൾ

ജില്ലയിൽ 375 പ്ലൈവുഡ് കമ്പനികളിലായി 40,000 ത്തോളം തൊഴിലാളികളുണ്ട്. ഒഡീഷ, അസം സ്വദേശികളാണ് ഈ രംഗത്ത് ഏറെയും. ഇവർ പോയതോടെ കമ്പനികളുടെ പ്രവർത്തനം താളം തെറ്റി. നിലവിലുള്ളവരാകട്ടെ നാട്ടിലേയ്ക്ക് തിരിയ്ക്കാൻ തയ്യാറായി നില്ക്കുകയാണ്. പലരും ജോലിക്കെത്തുന്നില്ല.

ട്രെയിൻ പോകുന്ന വിവരം പെട്ടെന്നാണ് അറിയിക്കുന്നത്. ‌രജിസ്ട്രേഷൻ നടത്തേണ്ട മേഖലകളും മാറി മാറി വരുന്നതിനാൽ അറിയിപ്പ് കാത്തിരിക്കുന്നവർ പണിയ്ക്കെത്തുന്നില്ല. ഇനി സൗജന്യങ്ങൾ അനുവദിക്കില്ലെന്നറിയിച്ചതോടെ കുറച്ചു പേർ ജോലിക്കെത്തുന്നുണ്ട്.

#അടച്ചു പൂട്ടലിന്റെ വക്കിൽ

നിർമ്മാണം 60 ശതമാനം കുറഞ്ഞതോടെ പകുതിയിലധികം കമ്പനികളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് സോമിൽ ഓണേഴ്സ് ആന്റ് പ്ളൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ജില്ല ട്രഷറർ ബാബു സെയ്താലി പറഞ്ഞു. നിർമ്മാണ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ബംഗാളികളാണ് മേഖലയിലുള്ളവരിലധികവും. ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കരാറുകാർ.

#അറേബ്യൻ ഭക്ഷണങ്ങൾക്ക് വിട

ഹോട്ടലുകളിൽ അറേബ്യൻ ഭക്ഷണങ്ങളുടെ സ്പെഷ്യലിസ്റ്റുമാർ ബംഗാളികളായിരുന്നു. ഇവരും കൂട്ടത്തോടെ വിട്ടതോടെ അത്തരം ഭക്ഷണ വിതരണം നിർത്തി വച്ച മട്ടാണ് ഹോട്ടലുകൾ. ലോക്ക് ഡൗൺ നില നില്ക്കുമ്പോൾ പാഴ്സൽ മാത്രമാക്കിയതോടെ പിടിച്ചു നിന്നത് ഇത്തരം ഭക്ഷണം നല്കിയാണ് ഇനി അത്തരം പണികൾക്കും ആളില്ലാതായി.