ആലുവ: വേനൽക്കാലത്തെ പതിവ് കുടിവെള്ളക്ഷാമം ഇക്കുറി ബാധിക്കാത്ത സന്തോഷത്തിലാണ് വാട്ടർ അതോറിറ്റി അധികാരികൾ. വ്യാപാരസമുച്ചയങ്ങളും സിനിമാ തിയേറ്ററുകളും ഹോട്ടലുകളുമെല്ലാം അടഞ്ഞുകിടന്നതിനാൽ വെള്ളത്തിന്റെ ആവശ്യം കുറഞ്ഞതാണ് കാരണം.
സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളെല്ലാം വാട്ടർ അതോറിറ്റി അധികൃതർക്ക് തലവേദനയുണ്ടാക്കുന്നതാണ്. ജനങ്ങളുടെ ഉപരോധ പരമ്പരകളാണ് ഉണ്ടാകുന്നത്. ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതിന്റെ പേരിൽ കാലി ബക്കറ്റും കുടവുമായെത്തി ഉദ്യോഗസ്ഥരെ ഉപരോധിക്കും. പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മർദ്ദം കൂട്ടിയാൽ ഭൂഗർഭ പൈപ്പുകൾ പൊട്ടും. ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുമെന്ന് മാത്രമല്ല, റോഡും തകരും.
ഏറ്റവും വലിയ ജലശുദ്ധീകരണ ശാല
ജില്ലയിലെ ഏറ്റവും വലിയ ജലശുദ്ധീകരണ ശാലയാണ് ആലുവയിലേത്. നാല് പ്ളാന്റുകളിലായി 225 എം.എൽ.ഡി (മില്യൻ ലിറ്റേഴ്സ് പെർഡേ) വെള്ളം ശുദ്ധീകരിക്കാനാണ് ശേഷി. എന്നാൽ 295 എം.എൽ.ഡി വരെ ശുദ്ധീകരിക്കുന്നുണ്ട്. വർഷകാലത്ത് മാത്രം ഇത് 288 എം.എൽ.ഡിയായി കുറയും. ലോക്ക് ഡൗണിൽ കടുത്ത വെള്ളക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആലുവ വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ അനിൽ അഗസ്റ്റ്യൻ 'കേരളകൗമുദി'യോട് പറഞ്ഞു.
സ്വകാര്യ വെള്ളംവില്പന :അട്ടിമറിയിൽ
നഷ്ടം 22 ലക്ഷം രൂപ
സ്വകാര്യ കിണറുകളിൽ നിന്നും വെള്ളം എടുക്കുന്നത് തടഞ്ഞ സർക്കാർ ഉത്തരവ് അട്ടിമറിച്ചത് ആലുവ വാട്ടർ അതോറിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയത്. കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായ നിയമസഭാ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ഡിസംബറിൽ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പമ്പിംഗ് സ്റ്റേഷനുകളിൽ നിന്നും ടാങ്കർലോറികൾ വെള്ളം നിറക്കണമെന്ന ഉത്തരവിറങ്ങിയത്. ആലുവ, നെട്ടൂർ പ്ളാന്റുകളിലും പള്ളിമുക്ക് പമ്പ് ഹൗസിലും സൗകര്യമൊരുക്കി. സൗകര്യം വേഗത്തിൽ ഒരുക്കാത്തതിന്റെ പേരിൽ ആലുവ പമ്പിംഗ് സ്റ്റേഷൻ അധികൃതർ നിരവധി ആക്ഷേപം നേരിട്ടു. ഒടുവിൽ 22 ലക്ഷം രൂപയോളം ചെലവഴിച്ച് മൂന്ന് പോയിന്റ് എന്നത് 12 പോയിന്റാക്കി ഉയർത്തി കൂടുതൽ സൗകര്യങ്ങളൊരുക്കി. ഒന്നരമാസം മാത്രമാണ് സൗകര്യം ഉപയോഗിച്ചത്. അപ്പോഴേക്കും സ്വകാര്യ വെള്ളംവില്പനക്കാർക്കായി തീരുമാനം അട്ടിമറിക്കപ്പെട്ടു.
വ്യാപാരസമുച്ചയങ്ങളും സിനിമാ തിയേറ്ററുകളും ഹോട്ടലുകളും അടഞ്ഞുകിടക്കുന്നു
നിരത്തുകളിൽ വാഹനങ്ങൾ ഒഴിഞ്ഞത്മൂലം ഭൂഗർഭ പൈപ്പുകൾക്ക് തകരാറില്ല.
. വെള്ളക്കരം മുടങ്ങിയത് നഷ്ടം.